എറണാകുളം: ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ഫ്രാങ്കോയെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയതിന് എതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് കോടതി നടപടി. വിചാരണ കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്.
എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കോട്ടയം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീൽ ഹർജി നൽകിയത്. വിചാരണ കോടതി വിധിയ്ക്ക് എതിരെ പരാതിക്കാരിയായ കന്യാസ്ത്രീയും ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണ കോടതിയ്ക്ക് വീഴ്‌ച സംഭവിച്ചതായി അപ്പീൽ ഹർജിയിൽ അതിജീവിത വ്യക്തമാക്കിയിരുന്നു.