എറണാകുളം:മോഡലുകളുടെ വാഹനാപകട മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചതായി പരാതി. മോചനദ്രവ്യമായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോയതെന്ന് സൈജു പൊലീസിനെ അറിയിച്ചു.
ഈ മാസം 16ന് കുഴിപ്പള്ളിയിലെ വീട്ടിൽ നിന്നാണ് സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയത്. പരാതിയെ തുടർന്ന് സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്തു. എന്നാൽ പരാതി വ്യാജമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കാർ അപകടത്തിൽ മിസ് കേരള ഉൾപ്പടെ മരിച്ച കേസിൽ രണ്ടാം പ്രതി
മുൻ മിസ് കേരള ഉൾപ്പടെ സഞ്ചരിച്ച അപകടത്തിൽ പെട്ട കാറിനെ സൈജു അമിത വേഗതയിൽ പിന്തുടർന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു സൈജുവിനെതിരെ കേസെടുത്തത്. സൈജു പിന്തുടർന്നത് അപകടത്തിന് കാരണമായെന്ന് അപകടത്തിൽ പെട്ട കാറിന്‍റെ ഡ്രൈവർ അബ്ദുറഹ്മാൻ മൊഴി നൽകിയിരുന്നു. ഈ കേസിൽ സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്‌തിരുന്നു. ഡി.ജെ പാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്‌തത് ഉൾപ്പടെ സൈജുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി പതിനൊന്ന് കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.
കഴിഞ്ഞ നവംബർ ഒന്നിന് പുലർച്ചെയായിരുന്നു ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നില്‍ മോഡലുകൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ഫോർട്ട് കൊച്ചിയിൽ നിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെയായിരുന്നു മോഡലുകൾ അപകടത്തിൽ പെട്ടത്. നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അൻജന ഷാജൻ, എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസിലെ രണ്ടാം പ്രതിയാണ് സൈജു തങ്കച്ചൻ. ഈ കേസിൽ ഉടൻ കുറ്റപത്രം നൽകുമെന്ന് കൊച്ചി ഡി.സി.പി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തന്നെ തട്ടി കൊണ്ടുപോയിയെന്ന പരാതിയുമായി പ്രതി പൊലീസിനെ സമീപിച്ചത്.
ALSO READ:ഉപ്പിലിട്ടത് വില്‍ക്കുന്നത് നിരോധിച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍