എറണാകുളം:സർക്കാർ ഉദ്യോഗസ്ഥർ താമസസ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേക്ക് പോകുമ്പോൾ സംഭവിക്കുന്ന അപകടങ്ങളിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി. കേരള സർവീസ് റൂൾസിലെ ഒന്നാം ഭാഗത്തിലെ റൂൾ 97, 98 പ്രകാരമാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി എന്നിരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഹയർ സെക്കൻഡറി അധ്യാപിക ഷൈലജ കെ ഉണ്ണിത്താൻ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.
2012 ആഗസ്റ്റ് 17ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോൾ അധ്യാപിക അപകടത്തിൽപെടുകയും ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് അധ്യാപിക സ്‌പെഷ്യൽ ഡിസെബലിറ്റി ലീവിന് അപേക്ഷിച്ചെങ്കിലും റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ ആവശ്യം നിരസിച്ചു.
തുടർന്ന് ഹർജിക്കാരിക്ക് പ്രത്യേക അവധി നൽകാൻ 2020 നവംബർ 19ന് സിംഗിൾ ബെഞ്ച് ഉത്തരവ് നൽകിയെങ്കിലും സ്‌കൂളിലേക്കുള്ള യാത്രയെ തൊഴിലുമായി ബന്ധപ്പെടുത്താനാവില്ലെന്നും ആ നിലയ്ക്ക് കേരള സർവീസ് ചട്ടത്തിൽ പറയുന്ന സ്പെഷ്യൽ ലീവ് നൽകാനാവില്ലെന്നുമായിരുന്നു സർക്കാരിന്‍റെ അപ്പീലിലെ വാദം. ഈ വാദത്തെ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
ALSO READ:Marakkar : അര ലക്ഷം രൂപ, 10 മണിക്കൂര്‍ ; മിഥുന്‍റെ തോളിലുണ്ട് കുഞ്ഞാലി മരയ്‌ക്കാർ