എറണാകുളം:അഴിമതി നിരോധന നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. ഭേദഗതി നിലവിൽ വരുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത കേസുകൾക്ക് പഴയ നിയമം ബാധകമാണെന്നും കോടതി വ്യക്തമാക്കി. സി.ബി.ഐ കേസിലെ പ്രതി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ സുപ്രധാന ഉത്തരവ്.
അഴിമതി നിരോധന നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി - prevention of corruption amendment act news
നിയമഭേദഗതിക്ക് മുമ്പ് രജിസ്റ്റർ ചെയ്ത കേസുകളിൽ പഴയ നിയമം അനുസരിച്ചാകും തുടർനടപടികളെന്ന് ഹൈക്കോടതി വ്യക്തമാക്കി
നിരവധി വിജിലൻസ്, സി.ബി.ഐ കേസുകളിലും ഹൈക്കോടതിയുടെ ഈ വിധി നിർണായകമാണ്. അഴിമതി നിരോധന നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമുണ്ടെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. നിയമഭേദഗതിക്ക് മുമ്പ് രജിസ്റ്റർ ചെയ്ത കേസുകളിൽ പഴയ നിയമം അനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
2018ലാണ് അഴിമതി നിരോധന നിയമഭേദഗതി നിലവിൽവന്നത്. ഇതനുസരിച്ച് ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ പൊതുപ്രവര്‍ത്തകരുടെ പരിധിയിൽ വരുന്നവർക്കെതിരെയുള്ള പരാതിയിൽ മുൻകൂർ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. സർക്കാർ അനുമതി ലഭിച്ചാൽ മാത്രമേ ഇവർക്കെതിരെ അന്വേഷണം നടത്താൻ കഴിയുകയുള്ളൂവെന്നാണ് പുതിയ നിയമത്തിന്‍റെ വ്യവസ്ഥ. ഈ നിയമത്തിന്‍റെ ആനുകൂല്യം നിയമ ഭേദഗതി നിലവിൽ വരുന്നതിന് മുമ്പുള്ളവർക്കും ബാധകമാണെന്ന വാദമാണ് കോടതി തളളിയത്.