എറണാകുളം: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉൾപ്പടെയുള്ള പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എൻഐഎ രജിസ്റ്റർ ചെയ്‌ത കേസിലാണ് ഒരു വർഷത്തിന് ശേഷം ജാമ്യം നൽകിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ്, ഇഡി കേസുകളിൽ നേരത്തെ തന്നെ സ്വപ്‌നയ്ക്ക് വിചാരണ കോടതികളിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. ഇതോടെ സ്വപ്‌ന സുരേഷ് ജയിൽ മോചിതയാകും.
ജാമ്യം സ്വപ്‌ന ഉള്‍പ്പടെ 8 പ്രതികള്‍ക്ക്
25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. പ്രധാന പ്രതികളായ സരിത്ത്, റമീസ്, ജലാൽ ഉൾപ്പെടെ എട്ട് പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. സ്വർണക്കടത്തിൽ തനിക്കെതിരെ എൻഐഎ ചുമത്തിയ യുഎപിഎ കേസ് നിലനിൽക്കില്ലെന്നത് ഉൾപ്പടെയുള്ള വാദങ്ങളായിരുന്നു സ്വപ്‌ന ഉന്നയിച്ചത്. കേസിന്‍റെ വിചാരണ നടപടികൾ അനന്തമായി നീളുകയാണെന്നും ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടി. നേരത്തെ എൻഐഎ പ്രത്യേക കോടതിയിൽ സ്വപ്‌ന സുരേഷ് നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു.