കൊച്ചി: വ്യാവസായിക രംഗത്ത് സമഗ്ര വികസനം നടപ്പാക്കാനുള്ള കർമപദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ. നിക്ഷേപകർക്ക് വ്യവസായം തുടങ്ങാൻ എല്ലാ സൗകര്യങ്ങളുമൊരുക്കുകയാണ് സർക്കാർ. ഇതിന്‍റെ ഭാഗമായാണ് കേരള ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ ആന്‍റ് പ്രൊമോഷൻ ആക്ട് അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന വ്യവസായി സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ സംരംഭങ്ങൾക്ക് ലൈസൻസ് അടക്കമുള്ള അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി കെ-സ്വിഫ്റ്റ് ഓൺലൈൻ ക്ലിയറൻസ് സംവിധാനം സഹായിക്കും. 14 വകുപ്പുകളുടെ 29 സേവനങ്ങളാണ് ഇതുവഴി ലഭ്യമാകുക. കെട്ടിട നിർമാണ അനുമതി, സുരക്ഷാ ക്ലിയറൻസ് തുടങ്ങിയവ ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. 30 ദിവസത്തിനകം ലൈസൻസ് ലഭിച്ചിട്ടില്ലെങ്കിൽ സ്വമേധയാ ലൈസൻസിന് അർഹതയുണ്ടാകും.