കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ അഞ്ച് പ്രതികളുടേയും ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ദിലീപിന്‍റെ മുൻകൂർ ജാമ്യപേക്ഷയിൽ കോടതി നാളെ (ജനുവരി 27, 2022) തീരുമാനമെടുക്കും. മൂന്ന് ദിവസം 33 മണിക്കൂറാണ് അഞ്ച് പ്രതികളേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തത്.
ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സഹായി കൃഷ്‌ണദാസ് എന്ന അപ്പു, ഉറ്റ സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്‌തത്. ചൊവ്വാഴ്‌ച രാത്രിയോടെ ചോദ്യം ചെയ്യൽ പൂർത്തിയായി.
Also read: Actress Sexual Assault | 'മൂന്ന് തവണ കണ്ടിട്ടുണ്ട്' ; ബാലചന്ദ്രന്‍റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന പൾസര്‍ സുനിയുടെ സംഭാഷണം പുറത്ത്
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടൻ ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടനെതിരെ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്‌തത്.
കഴിഞ്ഞ ശനിയാഴ്‌ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി കൂടുതൽ ചോദ്യം ചെയ്യലിനായി ഞായറാഴ്‌ച മുതൽ മൂന്ന് ദിവസം ദിലീപും മറ്റ് നാല് പ്രതികളും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഉത്തരവിടുകയായിരുന്നു. ജനുവരി 27 വരെ നടനെ അറസ്റ്റ് ചെയ്യരുതെന്നും മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന്‍റെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
Read more:'ഹാജരാക്കിയ തെളിവുകൾ അസ്വസ്ഥതയുണ്ടാക്കുന്നത്', ദിലീപിന് ഇനി ചോദ്യ ദിനങ്ങൾ: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
പഴയ മൊബൈൽ ഫോണുകൾ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാക്കാനും നിർദേശിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാൽ ഫോണുകൾ കൈമാറാൻ കഴിയില്ലെന്നാണ് ദിലീപിന്‍റെ നിലപാട്. ശാസ്ത്രീയ പരിശോധനക്കായി ഫോണുകൾ ഫോറൻസിക് വിദഗ്ധന്‍ കൈമാറിയിരിക്കുകയാണെന്നും അതിന് ശേഷം ഹാജരാക്കാമെന്നുമാണ് ദിലീപിന്‍റെ വിശദീകരണം.