എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് നീക്കം തുടങ്ങി. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന സംസ്ഥാന ഫോറൻസിക് ലാബിന്‍റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്.
ഇതിനായി ക്രൈം ബ്രാഞ്ച് സംഘം പ്രത്യേക അപേക്ഷ വിചാരണക്കോടതിയിൽ സമര്‍പ്പിക്കും. നേരത്തെയും വിചാരണക്കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് ശ്രമിച്ചിരുന്നു. മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്നുതവണ പരിശോധിച്ചിട്ടുണ്ടെന്നാണ് ഫോറൻസിക് ലാബ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതിൽ രണ്ടുതവണ രാത്രിയിലാണ് പരിശോധിച്ചതെന്ന ഗുരുതരമായ കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. 2018 ജനുവരി ഒമ്പതിന് രാത്രി 9.58ന് മെമ്മറി കാര്‍ഡ് ഒരു കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് തുറന്നുവെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. 2018 ഡിസംബര്‍ 13ന് രാത്രി 10.58ന് ഇതേ മെമ്മറി കാര്‍ഡ് ഒരു ആന്‍ഡ്രോയ്‌ഡ് മൊബൈല്‍ ഫോണില്‍ ഉപയോഗിച്ചു.
Also read: നടിയെ ആക്രമിച്ച കേസ് : അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതിക്ക് അതൃപ്‌തി
2021 ജൂലായ് 19ന് ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെയുള്ള സമയത്തിനിടെ ഒരു വിവോ ഫോണ്‍ ഉപയോഗിച്ചാണ് അവസാനമായി മെമ്മറി കാര്‍ഡ് തുറന്നിരിക്കുന്നതെന്നാണ് എസ്എഫ്എൽ റിപ്പോർട്ടിലുള്ളത്. ഇതോടെ നടിയെ ആക്രമിച്ച കേസിൽ പ്രധാന തെളിവായ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നുവെന്ന പ്രോസിക്യൂഷൻ ആരോപണം പ്രസക്തമാവുകയാണ്. അങ്ങനെയെങ്കിൽ ആരാണ് ദൃശ്യങ്ങൾ ചോർത്തിയത്, ആർക്ക് വേണ്ടിയാണ് ചെയ്‌തത് എന്നതൊക്കെ കണ്ടെത്തേണ്ടത് കേസ് അന്വേഷണത്തിൽ നിര്‍ണായകമാണ്.