കൊച്ചി: യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും കെസിബിസി പ്രസിഡന്‍റ് ആർച്ച് ബിഷപ്പ് എം സൂസപാക്യം. വന്നുപോയ വീഴ്ചകളിൽ നിന്നും പാഠങ്ങൾ പഠിക്കണമെന്നും സർക്കുലറിൽ എം സൂസപാക്യം പറയുന്നു.
സമീപകാലത്തുണ്ടായ വ്യാജരേഖ വിവാദത്തിലൂടെ സഭയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു. പൊലീസ് അന്വേഷണം യാതൊരു ഇടപെടലും കൂടാതെ മുന്നോട്ടുപോകണം, കെസിബിസിയുടെ സിനഡിൽ തീരുമാനിച്ചതായി സർക്കുലറിൽ പറയുന്നു.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭയ്ക്കുള്ളിൽ തന്നെ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു. ആരോപിക്കപ്പെടുന്നത് പോലെയുള്ള അഴിമതികൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നാണ് ചർച്ചകളിൽ നിന്ന് വ്യക്തമായത്. എത്രയും വേഗം നിജസ്ഥിതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ സഭാംഗങ്ങൾ സഹകരിക്കണമെന്നും കെസിബിസിയുടെ സർക്കുലറിൽ പറയുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പാലാരിവട്ടം പി ഓ സി യിൽ നടന്ന കെസിബിസിയുടെ വർഷകാല സമ്മേളനത്തിന് ശേഷമാണ് സഭയിലെ ഭൂമി ഇടപാടും, വ്യാജരേഖയും സംബന്ധിച്ചുള്ള കെസിബിസിയുടെ നിലപാട് പുറത്തുവന്നിരിക്കുന്നത്.