എറണാകുളം : കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തില്‍ ബഫര്‍സോണ്‍ സീറോ കിലോമീറ്ററില്‍ നിജപ്പെടുത്തണമെന്ന് കെസിബിസി. ഈ വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് കെസിബിസിയുടെ പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കും. എല്ലാവിഭാഗം ജനങ്ങളെയും സാരമായി ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ സത്വര ഇടപെടല്‍ നടത്തണമെന്നാണ് കെസിബിസിയുടെ ആവശ്യം.
കേരളത്തിലെ സാമാന്യജനങ്ങളെ ബാധിക്കുന്ന വിഷയമാണ് വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമായി ഒരു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍/ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള 2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധിയെന്ന് കെസിബിസി ചൂണ്ടിക്കാട്ടുന്നു. കൃഷി ചെയ്യുന്നത് മാത്രമല്ല സ്വന്തം ആവശ്യത്തിനായി വീട് വയ്ക്കുന്നത് പോലും നിരോധിക്കപ്പെട്ടിരിക്കുന്ന ഇടമാണ് ബഫര്‍ സോണ്‍.
ഇതുമൂലം ഇതിനുള്ളില്‍ വരുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ അപ്രഖ്യാപിത കുടിയിറക്കലിന് ഇരകളായി ജനിച്ച മണ്ണില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്‍റെ ആകെ വിസ്‌തൃതിയുടെ 29.65 ശതമാനവും സംരക്ഷിത വനങ്ങളാണ്.