എറണാകുളം : ദേശീയ പാത വികസനത്തിന് വേണ്ടി ചെറിയ ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കാൻ ക്രൈസ്‌തവ സഭകൾ തയ്യാറാകണമെന്ന് കെസിബിസി.
ദേശീയ പാത വികസനത്തിന് വേണ്ടി ആരാധനാലയങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ഹൈക്കോടതി പരാമർശത്തിന്‍റെ സാഹചര്യത്തിലാണ് കെസിബിസിയുടെ നിർദേശം.
ദേശീയ പാത വികസനത്തിന് മാത്രമല്ല വർധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിലും കുരിശടികളോ, കപ്പേളകളോ, ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടി വന്നാൽ എല്ലാ ക്രൈസ്തവ സഭകളും അതിന് തയ്യാറാകണമെന്ന് കെസിബിസി പ്രസിഡന്‍റ് കർദിനാൾ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
also read: ദേശിയപാത വികസനം അനിവാര്യം; "ദൈവം രക്ഷിക്കുമെന്ന" പരാമർശവുമായി ഹൈക്കോടതി
എന്നാൽ ചരിത്രപരമായ പ്രാധാന്യമുള്ളതും കൂടുതൽ വിശ്വാസികൾ ഉപയോഗപ്പെടുത്തുന്നതുമായ ആരാധനാലയങ്ങളെ ബാധിക്കാത്ത രീതിയിൽ വിവേകത്തോടെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യാൻ സർക്കാർ ശ്രദ്ധിക്കണം.
കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പ് ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നാൽ 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരം കൃത്യമായും സമയബന്ധിതമായും ലഭ്യമാക്കണം. സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുമ്പോഴും ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കർദിനാൾ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.