എറണാകുളം: കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കൂടി അനുവദിക്കണമെന്ന ആവശ്യവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ രംഗത്ത്. കേരള ബ്ലാസ്‌റ്റഴ്‌സ് ഫുട്‌ബോള്‍ ടീം, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടി ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ആവശ്യവുമായി കെസിഎ രംഗത്തെത്തിയത്. വിഷയം ചൂണ്ടിക്കാട്ടി സ്‌റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎക്ക് കെസിഎ കത്തു നൽകി.
കലൂര്‍ സ്‌റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുറന്നു തരണമെന്ന് കെസിഎ - കലൂര്‍ സ്‌റ്റേഡിയം
ആവശ്യം ചൂണ്ടിക്കാട്ടി കെസിഎ ജിസിഡിഎയ്‌ക്ക് കത്ത് നല്‍കി.

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ജിസിഡിഎ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ്. കെസിഎ ഏകദേശം പതിനൊന്നു കോടിയോളം മുടക്കുകയും കൂടാതെ ഒരു കോടി രൂപ ജിസിഡിഎക്ക് ഡെപ്പോസിറ്റായും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിച്ചതിന് ശേഷം കൊച്ചിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും ഒരേ പോലെ നടത്തണമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത്. നിലവില്‍ മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത് വടക്കേ മലബാറിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മത്സരം കാണാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് കെസിഎ പറയുന്നത്.
മാത്രമല്ല ഐഎസ്എല്‍ വരുന്നതിന് മുമ്പ് സ്റ്റേഡിയം പരിപാലിച്ചിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം അനുവദിക്കണമെന്ന് ജിസിഡിഎയോട് ആവശ്യപ്പെടുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ്, കോഴിക്കോട് സ്‌റ്റേഡിയം രണ്ടാം ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഐഎസ്എല്‍ ഷെഡ്യൂളിനെ ബാധിക്കാത്ത തരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ അനുവദിക്കണമെന്ന് കെസിഎ പ്രസിഡന്‍റ് സജൻ വർഗീസ്, സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായർ എന്നിവർ ആവശ്യപ്പെട്ടു.