എറണാകുളം : നാർക്കോട്ടിക്ക് ജിഹാദ് വിവാദത്തിലെ ചർച്ച അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. മതേതരത്വത്തിന് മുറിവേൽക്കുന്നത് നോക്കി നിൽക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും പ്രശ്‌നം തണുപ്പിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
സർക്കാരിനോട് പലതവണ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. എന്നാൽ മത സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്‌ച കോൺഗ്രസ് ആരംഭിച്ചതോടെയാണ് മന്ത്രി വാസവനെ ചർച്ചക്കായി മുഖ്യമന്ത്രി പാലായ്‌ക്കയച്ചതെന്നും അദ്ദേഹം ആരോപിച്ചു.
നാർക്കോട്ടിക്ക് ജിഹാദ് പരാമർശം ; വിവാദം അവസാനിപ്പിക്കണമെന്ന് കെ സുധാകരൻ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നതിനെ കെ.സുധാകരൻ പരിഹസിച്ചു. പിണറായിയുടെ കൺകണ്ട നേതാവാണ് പ്രധാനമന്ത്രി. ഇതിലൂടെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്‍റെ ആഴവും പരപ്പും മനസിലാക്കണമെന്നും സുധാകരൻ പറഞ്ഞു.
ALSO READ: 'നാര്‍ക്കോട്ടിക് ജിഹാദ്' ; മതേതരത്വം സംരക്ഷിക്കുകയെന്ന കോണ്‍ഗ്രസിന്‍റെ ഉത്തരവാദിത്വം നിറവേറ്റുമെന്ന് കെ സുധാകരൻ
കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയവർ ഒറ്റപ്പെട്ട് നിൽക്കുന്ന അനുയായികളില്ലാത്ത നേതാക്കളാണ്. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പരാജയത്തിന് കാരണക്കാരായവർ എത്ര വലിയ നേതാക്കളാണെങ്കിലും നടപടിയെടുക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.