എറണാകുളം : പൊലീസിൽ മാറ്റം അനിവാര്യമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊളോണിയൽ കാലത്തെ ചിന്തകളിൽ നിന്ന് പൊലീസ് എത്രമാത്രം മാറിയെന്ന ചോദ്യം പ്രസക്തമാണെന്നും പൊലീസിന്‍റെ ചിന്താഗതിയിലാണ് മാറ്റം വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് അസോസിയേഷൻ സംഘടിപ്പിച്ച മാറുന്ന പൊലീസ് മാറുന്ന സമൂഹം പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ മേഖലയിലുമെന്നപോലെ പൊലീസിലും മോശക്കാരുണ്ട്.
എന്നാൽ പൊലീസിലെ ഇത്തരക്കാരെ രൂക്ഷമായി വിമർശിക്കേണ്ടി വരുന്നത് അവര്‍ ജനങ്ങളുടെ സംരക്ഷകരായതുകൊണ്ടാണ്. ചെറിയൊരു വിഭാഗം ചെയ്യുന്ന കുറ്റത്തിന് എല്ലാവരും വിമർശനത്തിന് വിധേയമാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ആരെയും ശിക്ഷിക്കാൻ അധികാരമുള്ളവരല്ല. നിയമം നടപ്പിലാക്കാൻ നിയമം ലംഘിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമിപ്പിച്ചു.