കേരളം

kerala

ഐഎസില്‍ ചേര്‍ന്ന് യുദ്ധം; സുബ്ഹാനി ഹാജ മൊയ്‌തീന് ജീവപര്യന്തം

By

Published : Sep 28, 2020, 12:13 PM IST

Updated : Sep 28, 2020, 1:46 PM IST

രണ്ട് ലക്ഷത്തി പതിനായിരം രൂപ പിഴയും കൊച്ചിയിലെ എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു. ഐഎസിൽ ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്‌ത കേസിലാണ് നാല് വർഷം മുമ്പ് സുബ്ഹാനിയെ എൻഐഎ അറസ്റ്റ് ചെയ്‌തത്.

സുബ്ഹാനി ഹാജ മൊയ്‌തീന്‍  ഐഎസ് സുബ്ഹാനി  സുബ്ഹാനിക്ക് ജീവപര്യന്തം  കൊച്ചി എന്‍ഐഎ കോടതി  isis subhani haja moideen  kochi nia court  isis war iraq subhani
സുബ്ഹാനി ഹാജ മൊയ്‌തീന്‍

എറണാകുളം: ഐഎസിൽ ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്‌തുവെന്ന കേസിലെ പ്രതി സുബ്ഹാനി ഹാജ മൊയ്‌തീന് ജീവപര്യന്തം തടവ്. രണ്ട് ലക്ഷത്തി പതിനായിരം രൂപ പിഴയും കൊച്ചിയിലെ എന്‍ഐഎ കോടതി വിധിച്ചു. യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തതിനും സമൂഹ മാധ്യമങ്ങൾ വഴി ഭീകരപ്രവർത്തനത്തിനായി ആശയവിനിമയം നടത്തിയതിനും തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സുബ്ഹാനി അത്യാധുനിക സ്നൈപ്പർ ഓൺലൈനിൽ ഓർഡർ ചെയ്തെന്നും കോടതി വ്യക്തമാക്കി. വ്യക്തി താൽപര്യത്തേക്കാൾ സമൂഹത്തിന്‍റെ സുരക്ഷയാണ് പ്രധാനമെന്നും വിധി പ്രസ്താവത്തിനിടെ കോടതി പറഞ്ഞു.

ഐഎസില്‍ ചേര്‍ന്ന് യുദ്ധം; സുബ്ഹാനി ഹാജ മൊയ്‌തീന് ജീവപര്യന്തം

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 125 വകുപ്പ് പ്രകാരം ഏഴ് വർഷം തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ. യുഎപിഎയിലെ 20 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും 38,39 വകുപ്പ് പ്രകാരം ഏഴ് വർഷം വീതം തടവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 125 ബി പ്രകാരം അഞ്ച് വർഷം തടവും പതിനായിരം രൂപ പിഴയുമാണ് എൻഐഎ കോടതി ശിക്ഷ വിധിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ടറേയും കോടതി അഭിനന്ദിച്ചു.

തൊടുപുഴ സ്വദേശിയായ സുബ്ഹാനിയാണ് കേസിൽ വിചാരണ നേരിട്ട ഏക പ്രതി. ഇന്ത്യയുമായി സഖ്യത്തിലേർപ്പെട്ട ഏഷ്യൻ രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിന് കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. പ്രതിക്കെതിരെ എൻഐഎ ചുമത്തിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യൽ, ഗൂഡാലോചന കുറ്റങ്ങളും യുഎപിഎ നിയമത്തിലെ ഭീകര സംഘടനയിൽ അംഗത്വം, ഭീകര സംഘടനയിലേക്ക് റിക്രൂട്ട്മെന്‍റ് എന്നീ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

നാല് വർഷം മുമ്പ് കനകമല തീവ്രവാദ കേസ് അന്വേഷണത്തിനിടെയാണ് സുബ്ഹാനി പിടിയിലായത്. യുദ്ധത്തിൽ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഇയാള്‍ വർഷങ്ങളായി തമിഴ്നാട് തിരുനെൽവേലിയിലാണ് താമസിച്ചിരുന്നത്. അഞ്ച് വർഷം മുമ്പ് തുർക്കി വഴി നിയമവിരുദ്ധമായ ഇറാഖിലേക്ക് പോയ സുബ്ഹാനി ഐ.എസിൽ ചേരുകയും അവിടെ വെച്ച് പരിശീലനം നേടുകയും ചെയ്തു. ഇറാഖിലെ മൊസൂളിൽ വെച്ച് ഐ എസിൽ ചേർന്നു യുദ്ധം ചെയ്തെന്നും എന്‍.ഐ.എ കണ്ടെത്തിയിരുന്നു. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ കേസിൽ വിചാരണ പൂർത്തിയാക്കിയാണ് കൊച്ചി എൻഐഎ കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് വിചാരണ ആരംഭിച്ചത്. ഇന്ത്യൻ എംബസിയിലെ മുൻ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 46 സാക്ഷികളെയാണ് കോടതി വിസ്‌തരിച്ചത്.

Last Updated : Sep 28, 2020, 1:46 PM IST

ABOUT THE AUTHOR

...view details