എറണാകുളം : കൊച്ചിയിൽ ഐഎൻഎൽ യോഗത്തിനിടെ സംഘർഷം. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ അനുകൂലിക്കുന്നവരും സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍ വഹാബിനെ അനുകൂലിക്കുന്ന പ്രവർത്തകരും തമ്മിലായിരുന്നു സംഘർഷം.
യോഗം നടന്ന ഹോട്ടലിന് മുന്നിൽ നടുറോഡിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പൊലീസെത്തി സംഘർഷത്തിൽ പങ്കാളികളായ പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. യോഗത്തിൽ പങ്കെടുത്ത മന്ത്രിയെ പൊലീസ് സുരക്ഷയോടെയാണ് യോഗ ഹാളിൽ നിന്നും പുറത്തെത്തിച്ചത്. ശക്തമായ അഭിപ്രായ ഭിന്നതകൾക്കിടെയായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റും പ്രവർത്തകസമിതിയും കൊച്ചിയിൽ സംഘടിപ്പിച്ചത്.
മന്ത്രി അഹമ്മദ് ദേവർകോവില്‍ പങ്കെടുത്ത യോഗം സംസ്ഥാന സെക്രട്ടറിയെ അനുകൂലിക്കുന്നവരും സംസ്ഥാന പ്രസിഡന്‍റിനെ അനുകൂലിക്കുന്നവരും തമ്മിലുള്ള ഭിന്നതയെ തുടർന്ന് പിരിച്ച് വിടുകയായിരുന്നു.
കാസിം ഇരിക്കൂരിനെതിരെ ആരോപണം
കാസിം ഇരിക്കൂറിന്‍റെ പ്രകോപനപരമായ ഇടപെടലാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് എ.പി അബ്ദുല്‍ വഹാബ് ആരോപിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ രണ്ട് പേരെ ഏകപക്ഷീയമായി ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പുറത്താക്കിയതായി പ്രഖ്യാപിച്ചുവെന്നും ഇതേ തുടർന്നാണ് യോഗം ബഹളത്തിൽ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യോഗം പിരിച്ച് വിട്ട് എ.പി. അബ്ദുല്‍ വഹാബും അനുകൂലികളും പുറത്തിറങ്ങിയതോടെയാണ് പ്രവര്‍ത്തകൾ തമ്മില്‍ ഏറ്റുമുട്ടൽ തുടങ്ങിയത്. ഐഎൻഎല്ലിന് ആദ്യമായി മന്ത്രി സ്ഥാനം ലഭിച്ചതോടെയാണ് നേതാക്കൾ ഇരുവിഭാഗമായി തിരിഞ്ഞ് ഭിന്നത് രൂക്ഷമായത്. ഐഎൻഎല്ലിൽ. സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുൽ വഹാബ് ഒരുവശത്തും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവർകോവിലും മറുവശത്തുമാണ്.
പാർട്ടിയിൽ ചർച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കങ്ങളാണ് നിലവിലെ തർക്കങ്ങൾക്ക് പ്രധാന കാരണമെന്നാണ് സൂചന. സെക്രട്ടറിയേറ്റ് വിളിക്കാതെ ജനറൽ സെക്രട്ടറി പ്രവർത്തക സമിതി വിളിച്ച് ചേർത്തതിനെതിരെ പ്രസിഡന്‍റ് രംഗത്ത് എത്തിയിരുന്നു. തുടർന്നാണ് സെക്രട്ടേറിയറ്റും പ്രവർത്തക സമിതിയും ചേരാൻ തീരുമാനിച്ചത്. എന്നാൽ തർക്കങ്ങളെ തുടർന്ന് സെക്രട്ടറിയേറ്റ് യോഗം പൂർത്തിയാക്കാതെ പിരിയുകയായിരുന്നു.
ലോക്ക് ഡൗണ്‍ ലംഘനത്തിന് കേസ്
അതേ സമയം ലോക്ക് ഡൗൺ പ്രോട്ടോക്കോൾ ലംഘിച്ച് യോഗം നടത്തിയതിന് സ്വകാര്യ ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു. സെൻട്രൽ പൊലീസ് നൽകിയ നോട്ടീസ് അവഗണിച്ച് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ യോഗം നടത്തിയത്.
പാർട്ടിയിലെ തർക്കങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന ഇടതുമുന്നണിയുടെ താക്കീതിന് ശേഷം ആദ്യമായി നടന്ന ഐഎൻഎൽ യോഗമാണ് സംഘർഷത്തിൽ കലാശിച്ചത്.
also read :കോഴയും കലാപക്കൊടിയും: ഐഎൻഎല്ലിന്‍റെ വിധി പിണറായി പറയും