എറണാകുളം: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള റിപ്പോർട്ട് മെഡിക്കൽ ബോർഡ് ഇന്ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകും. ഇന്ന് തന്നെ ഈ റിപ്പോർട്ട് ഡി.എം.ഒ മൂവാറ്റുപുഴ വിജിലൻസ് കോടതിക്ക് കൈമാറും. ഇബ്രാഹിം കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് മെഡിക്കൽ ബോർഡിന്‍റെ വിലയിരുത്തലെന്നാണ് സൂചന.
ഇബ്രാഹിംകുഞ്ഞിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഇന്ന് കോടതിയിലെത്തും - പാലാരിവട്ടം അഴിമതി
ഇബ്രാഹിം കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് മെഡിക്കൽ ബോർഡിന്‍റെ വിലയിരുത്തലെന്നാണ് സൂചന.
ശനിയാഴ് അഞ്ച് സ്പെഷ്യലിസ്‌റ്റ് ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘം ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ പരിശോധിച്ചിരുന്നു. തുടർന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്. വിജിലൻസ് കോടതി നിർദേശപ്രകാരമാണ് ഡി.എം.ഒ എറണാകുളം ജനറൽ ആശുപത്രി സുപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിനെ നിയോഗിച്ചത്.
ചൊവ്വാഴ്ചയാണ് ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയും വിജിലൻസിന്‍റെ കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നത്. മെഡിക്കൽ ബോർഡ് നൽകുന്ന റിപ്പോർട്ട് ഈ രണ്ട് അപേക്ഷകൾക്കും നിർണായകമാണ്. ഇബ്രാഹിം കുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരണമോയെന്ന കാര്യത്തിലും കോടതി തീരുമാനം ചൊവ്വാഴ്ച ഉണ്ടായേക്കും.