എറണാകുളം:പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിൽ. മൂവാറ്റുപുഴ വിജിലൻസ് കോടതി പതിനാല് ദിവസത്തേക്കാണ് ഇബ്രാഹിം കുഞ്ഞിനെ റിമാൻഡ് ചെയ്തത്. അദ്ദേഹം ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വിജിലൻസ് ജഡ്ജി നേരിട്ടെത്തിയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്. ആരോഗ്യസ്ഥിതി പരിഗണിച്ച് ഇബ്രാഹിം കുഞ്ഞിന് ആശുപത്രിയിൽ തുടരാൻ അനുമതിയും നൽകി. വിജിലൻസിന്‍റെ കസ്റ്റഡി അപേക്ഷയും ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയും കോടതി വ്യാഴാഴ്ച പരിഗണിക്കും.
പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ റിമാന്‍ഡ് ചെയ്തു - പാലാരിവട്ടം ന്യൂസ്
മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ജോബിൻ സെബാസ്റ്റ്യർ ആശുപത്രിയിലെത്തി റിമാന്‍ഡ് രേഖപ്പെടുത്തി.
ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് വിജിലൻസ് സംഘം ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ഡിസ് ചാർജ് ചെയ്യാൻ കഴിയില്ലെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ഡോക്ടർമാർ വിജിലൻസിനെ അറിയിച്ചു. ഇതെത്തുടർന്ന് ഇബ്രാഹിം കുഞ്ഞിനെ വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാക്കാമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. എന്നാൽ റിമാൻഡ് നടപടികൾ പൂർത്തിയാക്കുന്നതിനായി ആശുപത്രിയിൽ നേരിട്ട് വരാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ തീരുമാനിക്കുകയായിരുന്നു. വൈകീട്ട് 6:10 ഓടെ ജഡ്ജി ആശുപത്രിയിലെത്തിയത്.
ഇരുപത് മിനിറ്റിനകം നടപടികള്‍ പൂര്‍ത്തിയാക്കി ജഡ്ജി ആശുപത്രിയില്‍ നിന്ന് മടങ്ങി.അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ, ക്രിമിനൽ ഗൂഢാലോചനയുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പാലാരിവട്ടം മേല്പാലം അഴിമതിക്കേസിൽ വിജിലൻസ് ഇബ്രാഹിം കുഞ്ഞിനെ അഞ്ചാംപ്രതിയാക്കി കേസെടുത്ത് അറസ്റ്റു ചെയ്തത്.