ബാങ്കിലെ ഗ്ലാസ് തകർന്ന് വീട്ടമ്മ മരിച്ച സംഭവം: ബാങ്കിന്‍റെ അനാസ്ഥയെന്ന് ആരോപണം - ernakulamkochi
ചേരാനല്ലൂർ സ്വദേശി ബീന നോബിയാണ് മരിച്ചത്. ബാങ്കിനകത്ത് കയറിയ ബീന വണ്ടിയുടെ താക്കോൽ എടുക്കാൻ മറന്നതിനെ തുടർന്ന് പുറത്തേക്കിറങ്ങാൻ നോക്കുന്നതിനിടയിലാണ് ഗ്ലാസ് ഡോറിൽ തലയിടിച്ച് വീണത്
എറണാകുളം: ബാങ്കിലെ ഗ്ലാസ് തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ ബാങ്കിനും ജീവനക്കാർക്കും എതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നു. പെരുമ്പാവൂർ എ.എം റോഡ് ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ ബാങ്കിന്‍റെ ഗ്ലാസ് ഡോർ തകർന്ന് വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ബാങ്ക് ജീവനക്കാരുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപണം. വീട്ടമ്മയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതും നിലവാരമില്ലാത്ത ഗ്ലാസ് കൊണ്ട് ഡോർ നിര്‍മിച്ചതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്‌ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. ചേരാനല്ലൂർ സ്വദേശി ബീന നോബി (43) ആണ് മരിച്ചത്. ബാങ്കിനകത്ത് കയറിയ ബീന വണ്ടിയുടെ താക്കോൽ എടുക്കാൻ മറന്നതിനെ തുടർന്ന് പുറത്തേക്കിറങ്ങാൻ നോക്കുന്നതിനിടയിലാണ് ഗ്ലാസ് ഡോറിൽ തലയിടിച്ച് വീണത്. ബാങ്കിൽ ഇടേണ്ട ഗ്ലാസിന് പകരം വെറും നാല് എം.എം ഗ്ലാസാണ് ഒറ്റ ഫ്രെയിമായി ഡോറിൽ ഘടിപ്പിച്ചിരുന്നത്. ചെറുതായി തലയടിച്ച ഉടനെ മുകളിലെ ഭാഗത്തെ ഗ്ലാസ് പൊട്ടി വീട്ടമ്മയുടെ ദേഹത്ത് വീഴുകയായിരുന്നു. എന്നാൽ ബാങ്ക് ജീവനക്കാരുൾപെടെ ഉള്ളവർ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും പറയുന്നു. താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷമാണ് വീട്ടമ്മ മരിച്ചത്.