കൊച്ചി:കൊവിഡ് നിരീക്ഷണത്തിലുള്ള രോഗികളിടെ വിവരങ്ങൾ ശേഖരിക്കാന്‍ യുഎസ് കമ്പനിയായ സ്പ്രിംഗ്ലറിനെ നിയോഗിച്ച സംഭവത്തിൽ നടപടികൾ തുടരാൻ ഉപാധികൾ വച്ച് ഹൈക്കോടതി. കരാറിനെതിരെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി കമ്പനി ഉപയോഗിക്കരുത്. വിവരശേഖരണം വ്യക്തിയുടെ അനുമതിയോടെ മാത്രമേ നടത്താൻ പാടുള്ളൂ. രോഗ വിവരങ്ങൾ സ്പ്രിംഗ്ലർ കമ്പനി നേരിട്ടോ അല്ലാതെയോ മറ്റാർക്കും നൽകരുത് തുടങ്ങിയ ഉപാധികള്‍ കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.
ഡാറ്റകൾ വിശകലനത്തിന് ശേഷം സർക്കാറിന് തിരിച്ച് നൽകണം. ഡാറ്റയുടെ രഹസ്യസ്വഭാവം സംരക്ഷിക്കുകയെന്നത് പ്രാഥമിക ലക്ഷ്യമായിരിക്കണം. ഒരു തരത്തിലുമുള്ള പ്രചാരണങ്ങൾക്കും ഈ കരാർ കമ്പനി ഉപയോഗിക്കരുത്. സർക്കാർ ലോഗോയും ഉപയോഗിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. സ്പ്രിംഗ്ലര്‍ ഇടപാടിലെ സർക്കാറിന്‍റെ നിലപാടിനോട് യോജിപ്പില്ലെന്നും കോടതി നിരീക്ഷിച്ചു.