എറണാകുളം:ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന വിചാരണ കോടതി ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി. ആനക്കൊമ്പ് കേസിൽ നേരിട്ട് ഹാജരാകണമെന്ന കീഴ്‌ക്കോടതി ഉത്തരവ് തടയണമെന്ന മോഹൻലാലിന്‍റെ ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്‌താണ് നടന്‍റെ ഹർജി.
ഈ ഹർജിയിൽ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും ജസ്റ്റിസ് മേരി ജോസഫ് നിലപാടെടുത്തു. സർക്കാർ ഹർജി തള്ളിയതിനെതിരെ പ്രതി തന്നെ ഹൈക്കോടതിയെ സമീപിച്ചതിലെ നിയമ പ്രശ്‌നവും കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഹർജി നൽകാൻ മോഹൻലാലിന് അവകാശമുണ്ടോയെന്നും കേസിലെ പ്രതിക്ക് കോടതി നടപടികളുടെ ഭാഗമാകാമെങ്കിലും ഹർജി നൽകാനായി അധികാരം വന്നാൽ ഒരുപാട് പേർ കോടതിയെ സമീപിക്കുമെന്നും സിംഗിൾ ബെഞ്ച് വാക്കാൽ വ്യക്തമാക്കി.
സര്‍ക്കാരിനോട് വിശദീകരണം തേടി കോടതി:കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി കീഴ്‌ക്കോടതി തള്ളിയതിനെതിരെ സർക്കാരാണ് ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടിയ കോടതി കേസ് ഓണാവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. ഇക്കഴിഞ്ഞ ജൂണിൽ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി തള്ളുകയും കേസുമായി മുന്നോട്ടു പോകാൻ ഉത്തരവിടുകയും ചെയ്‌തിരുന്നു.