എറണാകുളം: ബത്തേരി സർവ്വജന സ്കൂളിൽ വിദ്യാർഥി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ചീഫ് സെക്രട്ടറിക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും വിഷയത്തില്‍ മറുപടി നൽകാൻ നിർദേശിച്ച് കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഇപ്പോൾ വിശദീകരണം തേടിയിരിക്കുന്നത്.
ഷഹല ഷെറിന്‍റെ മരണം; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി - ഷഹല ഷെറിന്‍റെ മരണം വാര്‍ത്ത
ചീഫ് സെക്രട്ടറിക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും വിശദീകരണം ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു.
പാമ്പുകടിയേറ്റ് ഷഹല ഷെറിൻ മരിച്ച സംഭവത്തിൽ വയനാട് ജില്ലാ ജഡ്ജി സ്കൂളിൽ പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് നൽകിയിരുന്നു. പാമ്പുകടിയേറ്റ വിദ്യാർഥിക്ക് അധ്യാപകർ പ്രഥമശുശ്രൂഷ നൽകിയില്ലെന്നും പിതാവ് വരുന്നതുവരെ ഷഹല സ്കൂളിൽതന്നെ കാത്തിരുന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കൂടാതെ സ്കൂൾ പരിസരങ്ങൾ പരിശോധിച്ചതിൽ നിരവധി മാളങ്ങൾ കണ്ടെത്തിയതായും, ശുചിമുറിയുടെ അടുത്തുകൂടി പോകാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിന്‍റെ നടപടി.