എറണാകുളം : ക്രൈസ്‌തവ നാടാർ സംവരണം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ തള്ളി ഡിവിഷൻ ബഞ്ച്. കേസ് പരിഗണിക്കുന്ന സിംഗിൾ ബഞ്ചിനെ തന്നെ സമീപിക്കാൻ നിര്‍ദേശിച്ചാണ് നടപടി.
സർക്കാർ ഭാഗം കൂടി സിംഗിൾ ബഞ്ച് കേൾക്കണം. സിംഗിൾ ബഞ്ചിൻ്റേത് ഇടക്കാല ഉത്തരവ് മാത്രമാണെന്നും അതേ സമയം ഇടക്കാല ഉത്തരവിൽ ഇടപെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
ഇടക്കാല ഉത്തരവിൽ ഇടപെടാതെ ഡിവിഷൻ ബഞ്ച്
സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് അംഗീകരിച്ചില്ല. നാടാർ ക്രൈസ്‌തവ സമുദായത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു സംസ്ഥാന സർക്കാരിൻ്റെ വാദം.
സംവരണം റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.
സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ്
ക്രൈസ്‌തവ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിയാണ് ഓഗസ്റ്റ് ആറിന് ഹൈക്കോടതി റദ്ദാക്കിയത്.
സർക്കാരിന്‍റെ ഉത്തരവ് നിയമപരമല്ലെന്നാണ് ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയത്. മറാത്ത കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്‍റെ നടപടിയെന്നും ഇടക്കാല ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ സുപ്രീം കോടതി വിധിക്ക് മുമ്പുള്ള പട്ടിക നിലനില്‍ക്കുമെന്നാണ് സർക്കാരിന്‍റെ നിലപാട്.
READ MORE:ക്രിസ്ത്യൻ നാടാർ സംവരണം റദ്ദാക്കിയ ഉത്തരവ് : ഹൈക്കോടതിയില്‍ അപ്പീൽ നൽകി സർക്കാർ
സുപ്രീം കോടതിയുടെ പ്രസ്‌തുത വിധിയിൽ തന്നെ ഈ കാര്യം പരാമർശിക്കുന്നുണ്ടെന്നും സർക്കാർ പറയുന്നു. ഒബിസി പട്ടിക വിപുലീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും രാഷ്ട്രപതിക്കാണ് ഇക്കാര്യത്തിൽ അധികാരമുള്ളതെന്നും സർക്കാർ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
READ MORE:ക്രൈസ്തവ നാടാർ സംവരണം റദ്ദ് ചെയ്ത ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേയില്ല