എറണാകുളം :ഗൂഢാലോചന കേസ് അടക്കം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടെണ്ണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജികള്‍ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ച് സ്വപ്നയുടെ ഹർജികള്‍ തള്ളിയത്. അന്വേഷണവുമായി മുന്നോട്ടുപോവാമെന്നും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വിയോജിപ്പുണ്ടെങ്കില്‍ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ് എഫ്ഐആറുകൾ റദ്ദാക്കുന്നത്. സ്വപ്നയുടെ കേസുകൾ അത്തരം വിഭാഗത്തിൽ ഉൾപ്പെടുന്നതല്ലെന്നും അന്വേഷണത്തിൽ ഇടപെടാൻ തക്ക യുക്തിസഹമായ കാരണങ്ങളില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചിലയാളുകൾക്കിടയിൽ സ്വപ്നയുടെ വാക്കുകൾ പ്രകോപനമുണ്ടാക്കിയെന്നും അതിനാൽ സെക്ഷൻ 153 നിലനിൽക്കുമെന്നും കോടതി പറഞ്ഞു.
കൂടാതെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ മാത്രമാണ് കേസിനാധാരമെന്ന സ്വപ്നയുടെ വാദം അംഗീകരിക്കാനാകില്ല. തുടർച്ചയായി മാധ്യമങ്ങളിൽ അഭിമുഖവും, വെളിപ്പെടുത്തലുകളും സ്വപ്ന നടത്തിയിരുന്നു. ഒറ്റ സംഭവത്തിന്റെ അടിസ്ഥാനത്തിലല്ല കേസെടുത്തതെന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും കോടതി ഉത്തരവിൽ പറയുന്നു.