എറണാകുളം:ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ചുരുളി'ക്കെതിരായ ഹർജി തള്ളി ഹൈക്കോടതി. പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സിനിമയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു.
High Court rejected petition against Churuli: അഭിഭാഷക പെഗ്ഗിഫെൻ സമർപ്പിച്ച ഹർജിയാണ് ജസ്‌റ്റിസ് പി.വി കുഞ്ഞികൃഷ്‌ണൻ പരിഗണിച്ചത്. കേസ് പരിഗണിച്ച വേളയിൽ സിനിമയിലെ ഭാഷാ പ്രയോഗത്തിനെതിരെ കോടതി ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു.
തുടർന്ന് ഇതേ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത പൊലീസ് സംഘത്തെ ഡിജിപി ചുമതലപ്പെടുത്തി. ബറ്റാലിയന്‍ എ.ഡി.ജിപി കെ.പദ്‌മകുമാർ, തിരുവനന്തപുരം റൂറല്‍ എസ്.പി ഡോ.ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്‌മിനിസ്‌ട്രേഷന്‍ എസിപി നസീമ എന്നിവരടങ്ങുന്ന സംഘമാണ് സിനിമ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.
ചിത്രത്തിലെ കഥാ സാഹചര്യത്തിന് അനുസരിച്ചുള്ള സംഭാഷണമാണ് കഥാപാത്രങ്ങൾ നടത്തുന്നതെന്നായിരുന്നു പൊലീസ് റിപ്പോർട്ടിന്‍റെ ഉള്ളടക്കം. ഇത് പരിഗണിച്ചാണ് ചുരുളിക്കെതിരായ ഹർജി കോടതി തള്ളിയത്. 'ചുരളി' പൊതു ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടിയിൽ നിന്നടക്കം നീക്കണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം.
Also Read: അമോല്‍ പലേക്കര്‍ ആശുപത്രിയിൽ; ആരോഗ്യ സ്ഥിതി തൃപ്‌തികരം