എറണാകുളം:സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്‌ത്രീയ പരിശോധനകളിൽ വ്യക്തമാകുന്നത് പുതിയ വകഭേദങ്ങൾ ഇല്ലെന്നാണ്. നിലവിൽ പടരുന്നത് ഒമിക്രോൺ വകഭേദമാണ്. കൊവിഡ് ബാധിതരായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തിൽ വർധനവില്ലന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കൊവിഡ്-19; സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല : ആരോഗ്യ മന്ത്രി വീണ ജോർജ് ശിശു സൗഹൃദ കോടതി; സുപ്രീം കോടതി നിർദേശപ്രകാരം പോക്‌സോ കോടതികൾ സ്ഥാപിക്കുന്നതിന് സർക്കാർ മാതൃകാപരമായ നടപടികളാണ് സ്വീകരിച്ചത്. കൊച്ചിയിൽ ശിശു സൗഹൃദ കോടതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കാൻ കഴിഞ്ഞു. ഇതോടെ ശിശു സൗഹൃദമായി പോക്‌സോ കേസ് വിചാരണകൾ പൂർത്തിയാക്കാനാണ് സാഹചര്യം ഒരുങ്ങുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
മനുഷ്യക്കടത്തിന് എതിരെ നടപടി;മനുഷ്യക്കടത്തിന് എതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. അനധികൃതമായ റിക്രൂട്ട്‌മെന്‍റ് ഏജൻസികൾക്ക് എതിരെ ബോധവത്‌കരണ പ്രവർത്തനം സർക്കാർ തലത്തിൽ നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇത് നടപ്പിലാക്കും.
'വീഴ്‌ച സംഭവിച്ചവർക്ക് എതിരെ നടപടി'; അവയവ മാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിച്ചുവെന്ന ആരോപണത്തിൽ അഡീഷണൽ സെക്രട്ടറി നടത്തുന്ന അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം വീഴ്‌ച സംഭവിച്ചവർക്ക് എതിരെ നടപടി സ്വീകരിക്കും. കൊച്ചി കാൻസർ സെന്‍റർ വേഗത്തിൽ യാഥാർഥ്യമാക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി പരീക്ഷ നടത്താൻ രോഗികളെ വരാന്തയിൽ കിടത്തിയെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
Also read: സംസ്ഥാനത്ത് പുതിയ കൊവിഡ് വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടില്ല : വീണ ജോർജ്