എറണാകുളം: ഗവർണർ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് രമേശ് ചെന്നിത്തല. രാജ്യത്തിന് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങളാണ് യൂണിവേഴ്‌സിറ്റിയിൽ നടക്കുന്നതെന്ന് ഗവർണർ ഗുരുതരമായ ആരോപണമുന്നയിച്ചു. ഗവർണർ ഉന്നയിച്ച കാര്യങ്ങൾ ശരിയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സർക്കാരും ഗവർണറും തമ്മിൽ ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടായ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട് താൻ ചോദ്യങ്ങൾ ഉന്നയിച്ചതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറെ വിളിച്ച് വരുത്തി രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണർ ആവശ്യപ്പെട്ടോയെന്നതുമായി ബന്ധപ്പെട്ട് ആറ് ചോദ്യങ്ങളാണ് താൻ ഉന്നയിച്ചത്. കേരളത്തിലെ പൊതു സമൂഹത്തിന് ഇതിന്‍റെ ഉത്തരം കിട്ടേണ്ടത് അനിവാര്യമാണ്. എന്നാൽ ഇപ്പോഴും ഇതിന്‍റെ വ്യക്തത പൂർണമായി വന്നിട്ടില്ല. താൻ ഉന്നയിച്ച കാര്യങ്ങളൊന്നും ഗവർണർ നിഷേധിച്ചിട്ടില്ല. താൻ ഉന്നയിച്ച കാര്യങ്ങൾ ഗവർണർ തള്ളി കളഞ്ഞിട്ടില്ലെന്നത് പ്രസക്തമായ കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
കേരള സർവകലാശാല വി.സിയെ ഗവർണർ വിളിപ്പിച്ചിരുന്നോ? ഇത്തരമൊരു നിർദേശം നൽകിയിരുന്നോയെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഗവർണർ ചെയ്‌ത തെറ്റുകളെ ചൂണ്ടികാണിച്ചിട്ടുണ്ട്.
കണ്ണൂർ യൂണിവേഴ്‌സിറ്റി വി.സിക്ക് തുടർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ കത്ത് നൽകിയത് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ്. ചാൻസലർ പദവി ഒഴിയുകയല്ല ഗവർണർ ചെയ്യേണ്ടത്. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ഫലത്തിൽ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി ആശങ്കയിലായിരിക്കുകയാണ്. യൂണിവേഴ്‌സിറ്റികളുമായി ബന്ധപ്പെട്ട ഫയലുകൾ തിരിച്ചയക്കുകയാണ്.