എറണാകുളം : തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മൻസൂർ അഹമ്മദിനെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. കൊച്ചി എൻ.ഐ. എ കോടതിയാണ് പ്രതിയെ ജൂൺ 14 വരെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടത്.
സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനായ ഫൈസൽ ഫരീദിന്‍റെ സഹായിയായ മൻസൂർ അഹമ്മദ് മുപ്പത്തിയഞ്ചാം പ്രതിയാണ്. ദുബായിൽ ചെക്ക് കേസിൽ പിടിയിലായ ഇയാളെ അവിടെനിന്ന് നാടുകടത്തുകയായിരുന്നു.
also read:സ്വര്‍ണക്കടത്ത് കേസ് : മുഖ്യപ്രതിയുടെ സഹായി അറസ്റ്റില്‍
തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഇയാളെ എൻ.ഐ.എ. സംഘം അറസ്റ്റ് ചെയ്തു. ഇതിനുശേഷം കൊച്ചിയിലെ എൻ.ഐ.എ. ഓഫീസിലെത്തിച്ചു. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
എൻ.ഐ.എയുടെ കണ്ടെത്തലുകള്‍
സ്വർണക്കടത്തിൽ ഫൈസൽ ഫരീദിന് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നത് മൻസൂർ അഹമ്മദാണെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. ഇതിനെത്തുടർന്നാണ് ഇയാളെയും കേസിൽ പ്രതിചേർത്തത്.
മൻസൂർ അഹമ്മദിനെതിരെ എൻ.ഐ.എ അപേക്ഷ പരിഗണിച്ച് കൊച്ചി എൻ.ഐ.എ കോടതി ജാമ്യമില്ല വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് ആസൂത്രണം ചെയ്ത ഗൂഢാലോചനയിൽ മൻസൂർ അഹമ്മദും പങ്കാളിയാണന്നാണ് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയത്.
ഫൈസല്‍ ഫരീദ് ഇന്നും പിടികിട്ടാപ്പുള്ളി
സ്വർണക്കടത്ത് കേസിൽ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്. എന്നാൽ മുഖ്യ സൂത്രധാരൻ ഫൈസൽ ഫരീദിനെ പിടികൂടാൻ ഇതുവരെ എ.ഐ.എക്ക് കഴിഞ്ഞിട്ടില്ല. ഭൂരിഭാഗം പ്രതികളും ഇതിനകം ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു.
വിചാരണ കോടതിയും, ഹൈക്കോടതിയും സ്വർണക്കടത്ത് കേസിൽ യുഎപിഎ ചുമത്തിയതിനെ ശക്തമായി ചോദ്യം ചെയ്യുകയും, സാമ്പത്തിക കുറ്റകൃത്യം മാത്രമല്ലേയെന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സ്വർണക്കടത്ത് കേസിൽ ഭീകരവാദ ബന്ധം തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കാന്‍ എൻ.ഐ.എയ്ക്ക് കഴിഞ്ഞിട്ടില്ല.