എറണാകുളം: കൊവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ ഇത്തവണയും ഫോർട്ട് കൊച്ചിയിലെ വിപുലമായ പുതുവത്സരാഘോഷങ്ങൾ ഒഴിവാക്കി. പ്രശസ്‌തമായ ഫോർട്ട് കൊച്ചി കാർണിവൽ പേരിന് മാത്രമാണ് സംഘടിപ്പിക്കുന്നത്. റാലിയും പപ്പാഞ്ഞിയെ കത്തിക്കലും ഇത്തവണയുമില്ല.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പുതുവത്സര ആഘോഷവേദിയായിരുന്നു ഫോർട്ട് കൊച്ചി കടപ്പുറം. സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി വൻ ജനാവലി പുതുവത്സരാഘോഷത്തിനായി കൊച്ചിയിലെത്തിയിരുന്നു.
കഴിഞ്ഞതവണത്തേതുപോലെ ഇത്തവണയും വിപുലമായ പരിപാടികൾ വേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തെ വ്യത്യസ്ഥമാക്കിയിരുന്നത് പപ്പാഞ്ഞിയെ കത്തിക്കലായിരുന്നു. ആയിരങ്ങൾ ആർപ്പുവിളികളുമായി പങ്കെടുത്തിരുന്ന പരിപാടിയായിരുന്നു ഇത്.
പപ്പാഞ്ഞിയുടെ ഉത്ഭവം
പോർച്ചുഗീസ് ഭാഷയിൽ പപ്പാഞ്ഞി എന്നാൽ മുത്തച്ഛൻ എന്നാണ്. എന്നാൽ പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടുള്ള ആഘോഷം പോർച്ചുഗീസുകാർക്കുണ്ടായിരുന്നില്ല. കൊച്ചി ഭരിച്ച ഡച്ചുകാർക്കോ ബ്രിട്ടീഷുകാർക്കോ ഇങ്ങനെയൊരു പരിപാടി ഉണ്ടായിരുന്നില്ല. പോർച്ചുഗീസുകാരുടെ പപ്പാഞ്ഞിയെന്ന വാക്ക് കടമെടുത്ത് പ്രദേശികമായി കൊച്ചി രൂപപ്പെടുത്തിയതാണ് ഈ പുതുവർഷ ചടങ്ങ്.