എറണാകുളം : രാജ്യത്തെ മത്സ്യബന്ധന മേഖലയിലെ കയറ്റുമതി (Exports in fisheries sector) ഒരു ലക്ഷം കോടി രൂപയായി ഉയർത്തുമെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ഡോക്‌ടർ എൽ മുരുകൻ (Union Minister of State for Fisheries Dr. L. Murugan). 2024-2025 വർഷത്തിൽ ഇത് സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി തോപ്പുംപടിയിൽ ഫിഷറീസ് ഹാർബർ (Kochi Thopumpady Fisheries Harbor) സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ബജറ്റിൽ പ്രഖാപിച്ചത് പോലെ രാജ്യത്ത് കൊച്ചി, ചെന്നൈ, വിശാഖപട്ടണം, ഒഡീഷയിലെ പാരാദിപ് , പശ്ചിമ ബംഗാൾ ഉൾപ്പടെ അഞ്ച് മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തും. ഇതിന്‍റെ ഭാഗമായി തുറമുഖങ്ങളിൽ തന്നെ ഐസ് പ്ലാന്‍റുകളും സംസ്‌കരണ സൗകര്യങ്ങളും സജ്ജീകരിക്കും. തുറമുഖങ്ങൾ ആധുനിക വൽക്കരണത്തിലൂടെ മത്സ്യത്തൊഴിലാളികളുടെ ഉത്പന്നങ്ങൾക്ക് നല്ല വില കിട്ടുന്ന സാഹചര്യം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.