എറണാകുളം: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് കടലില്‍ പരീക്ഷണം തുടങ്ങി. കൊച്ചി ഉൾക്കടലിലായിരുന്നു പരീക്ഷണ യാത്ര. കടലിൽ ഓടിച്ച് യന്ത്രസംവിധാനങ്ങൾ എല്ലാം പ്രവർത്തിപ്പിച്ച് പരിശോധനകൾ നടത്തുകയും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നു എന്നുറപ്പാക്കുകയും ചെയ്യുന്നതാണ് പരീക്ഷണം. ഇതിന് ശേഷമാകും ആയുധങ്ങൾ ഉൾപ്പെടെയുള്ളവ ഘടിപ്പിക്കുക.
തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പല്‍
യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പൽ നിർമിച്ചത്. ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമാനങ്ങളെയും വഹിക്കാൻ കഴിയുന്ന വിക്രാന്തിന് 28 മൈൽ വേഗതയും 18 മൈൽ ക്രൂയിസിങ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.
ഇന്ത്യൻ നാവികസേനയുടെ ഡയറക്‌ടറേറ്റ് ഓഫ് നേവൽ ഡിസൈൻ ആണ് കപ്പൽ രൂപകൽപ്പന ചെയ്‌തത്. പൊതുമേഖല കപ്പൽശാലയായ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിലാണ് കപ്പലിന്‍റെ 76 ശതമാനത്തിലധികം ഭാഗം നിർമിച്ചത്. വിമാനവാഹിനിക്കപ്പലിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയും, സൂപ്പർ സ്ട്രക്‌ചര്‍ ഉൾപ്പെടെ 59 മീറ്റർ ഉയരവും ഉണ്ട്.
സൂപ്പർ സ്ട്രക്‌ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാർട്ട്‌മെന്‍റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകൽപ്പന ചെയ്‌ത കപ്പലിൽ വനിത ഓഫിസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.