എറണാകുളം: തൃപ്പൂണിത്തുറയിൽ ഫർണിച്ചർ കടയ്ക്ക് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. ലോട്ടറി വിൽപ്പനക്കാരനായ മരട് സ്വദേശി പ്രസന്നനാണ് വെന്തുമരിച്ചത്. പെരുമ്പാവൂർ സ്വദേശി സുനീര്‍ പേട്ടയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനോട് ചേർന്ന ഫർണിച്ചർ വില്‍പ്പന കേന്ദ്രത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ സൂക്ഷിച്ചിരുന്ന ഫർണിച്ചറുകള്‍ കത്തിനശിച്ചു.
Also read: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു
മരിച്ച പ്രസന്നനും സുനീറും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രസന്നൻ ഇവിടെയെത്തി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. രാവിലെ ആറുമണിയോടെ സുനീറിന്‍റെ ഫർണിച്ചർ കടയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാര്‍ എത്തി നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ പ്രസന്നന്‍റെ മൃതദേഹം കണ്ടത്.
തൃപ്പൂണിത്തുറയിൽ ഫർണിച്ചർ കടയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു ഈസമയം സുനീർ വീട്ടിലില്ലായിരുന്നു. ഇയാളുടെ ഭാര്യയെയും മക്കളെയും നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഫർണിച്ചര്‍ കടയില്‍ നിന്നും വീട്ടിലേക്കും തീ പടർന്നിരുന്നു. സംഭവത്തിൽ മരട് പൊലീസ് കേസെടുത്തു. പ്രസന്നന്‍റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.