എറണാകുളം:കൊച്ചിമെട്രോയുടെ അഞ്ചാം വാർഷികം കെ.എം.ആർ.എൽ വിപുലമായ പരിപാടികളോടെ മെട്രോ ദിനമായി ആഘോഷിച്ചു. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഹൈക്കോടതി, മറൈൻ ഡ്രൈവ്, കാക്കനാട് തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള കൊച്ചി മെട്രോയുടെ വിവിധ വികസന പ്രവർത്തനങ്ങൾ 2027-നകം പൂർത്തിയാകുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി ലോക് നാഥ് ബെഹ്റ പറഞ്ഞു.
ജൂൺ 17 കൊച്ചി മെട്രോ ദിനം: ഇനി മുതൽ എല്ലാ വർഷവും ജൂൺ 17 കൊച്ചി മെട്രോ ദിനമായി ആചരിക്കുമെന്ന് എം.ഡി ലോക് നാഥ് ബെഹ്റ പറഞ്ഞു. മെട്രോയുടെ വരവോടെ വലിയ മാറ്റമാണ് കൊച്ചിയുടെ ഗതാഗത മേഖലയിൽ ഉണ്ടായതെന്നും, ഡൽഹി മെട്രോയെ പോലെ കൂടുതൽ വളരേണ്ടതുണ്ടെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. ടിക്കറ്റ് ചെലവിനെക്കാൾ ഉപരിയായി കൊച്ചി മെട്രോ ലാഭത്തിലാക്കുന്നതിനായി മറ്റ് മാർഗങ്ങൾ കൂടി തേടേണ്ടതുണ്ടെന്നും എം.പി വ്യക്തമാക്കി.