എറണാകുളം:കേരളത്തിലെ തിയേറ്ററുകൾ നേരിടുന്ന പ്രതിസന്ധിക്ക് പ്രധാന കാരണം ഒടിടി റിലീസെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. നിലവിൽ തിയേറ്ററിൽ സിനിമ റിലീസ് ചെയ്‌ത് 42 ദിവസങ്ങൾക്ക് ശേഷമാണ് ഒടിടിയിൽ നൽകുന്നത്. അത് 56 ദിവസമായി ഉയർത്തണമെന്ന ആവശ്യം ഫിലിം ചേമ്പറിനെ അറിയിക്കുമെന്നും ഫിയോക്ക് അറിയിച്ചു.
ഒടിടിയിൽ റീലീസ് ചെയ്താല്‍ തിയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക് മറ്റു സംസ്ഥാനങ്ങളിൽ തീയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 56 ദിവസത്തിന് ശേഷമാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്. അതിനാൽ ഓണം റിലീസ് മുതലെങ്കിലും സിനിമകൾ 56 ദിവസത്തിന് ശേഷമേ ഒടിടിയിൽ നൽകാവു എന്ന നിബന്ധന കൊണ്ടുവരണമെന്ന് ഫിലിം ചേംബറിനോട് ശക്തമായി ആവശ്യപ്പെടുന്നതായി ഫിയോക്ക് യോഗത്തിന് ശേഷം ഭാരവാഹികൾ അറിയിച്ചു.
നിലവിലെ 42 ദിവസമെന്ന സമയപരിധിക്കുളളിൽ ഒടിടിക്ക് ചിത്രങ്ങൾ നൽകുന്ന നിർമ്മാണ കമ്പനികളുടെ സിനിമകൾ പിന്നീട് തിയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്നും ഫിയേക്ക് പ്രസിഡന്‍റ് വിജയകുമാർ പറഞ്ഞു. ഫിലിം ചേംബറിൽ ടൈറ്റിൽ രജിസ്ട്രേഷൻ ചെയ്ത് ഇറക്കുന്ന സിനിമകൾ ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിനെയാണ് തങ്ങൾ എതിർക്കുന്നതെന്നും തിയേറ്റർ ഉടമകൾ വ്യക്തമാക്കി.
ഒടിടി ലക്ഷ്യമിട്ട് സിനിമ എടുക്കുന്നതാണ് തിയേറ്ററുകളിൽ പ്രേക്ഷകർ കുറയാൻ കാരണം. തിയേറ്റർ ലക്ഷ്യമാക്കി സിനിമ നിർമിക്കണമെന്ന് നിർമാതാക്കളോട് ഫിയോക്ക് ആവശ്യപ്പെടും. ജീവിക്കാൻ ബുദ്ധിമുട്ടുന്ന താരങ്ങൾ ഒടിടിയിൽ സിനിമയിറക്കുന്നതിനെ ഫിയോക്ക് എതിർക്കില്ല. എന്നാൽ ജീവിക്കാൻ വഴിയില്ലാത്തവരല്ല ഒടിടിയിൽ സിനിമ റിലീസ് ചെയ്യുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇറങ്ങിയ 76 ചിത്രങ്ങളിൽ 70 ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. ഇതിന് കാരണം ഒടിടി ലക്ഷ്യമിട്ട് നിർമിച്ച ചിത്രങ്ങൾ തിയറ്ററിൽ റിലീസ് ചെയ്തതാണെന്നാണ് ഫിയോക്ക് നിലപാട്. നിലവിൽ തിയേറ്ററുകൾ ഈടാക്കുന്ന ടിക്കറ്റ് നിരക്ക് താരതമ്യേനെ കുറവാണ്. അതിനാൽ ഈയൊരു സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് കുറയ്‌ക്കേണ്ടതില്ലെന്നും ഫിയോക്ക് അറിയിച്ചു.