കൊച്ചി : വൈദ്യുത ഗതാഗത നയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി 2022 ഓടെ സംസ്ഥാനത്ത് 10 ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങൾ, 50000 മുച്ചക്ര വാഹനങ്ങൾ, 1000 ചരക്ക് വാഹനങ്ങൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇവോൾവ് ഇ-മൊബിലിറ്റി കോൺഫറൻസ് ആന്‍റ് എക്സ്പോ 2019 ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
10 ലക്ഷം വൈദ്യുതവാഹനങ്ങൾ നിരത്തിലിറക്കും; മുഖ്യമന്ത്രി - ഇവോൾവ് ഇ-മൊബിലിറ്റി കോൺഫറൻസ് ആന്‍റ് എക്സ്പോ 2019
ഇ വോൾവ് ഇ-മൊബിലിറ്റി കോൺഫറൻസ് ആന്‍റ് എക്സ്പോ 2019 കൊച്ചിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ആറ് നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ വിധിയുടെ പശ്ചാത്തലത്തിൽ പുനരുപയോഗം സാധ്യമായ ബദൽ ഊർജ സ്രോതസ്സുകളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നു. വിധിക്ക് പിന്നീട് സ്റ്റേ വന്നെങ്കിലും പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയിൽ കേരളം ഉറച്ചുനിന്നു. ഇതിന്‍റെ ഭാഗമായി സിഎൻജി എൽഎൻജി ഇന്ധനങ്ങളുടെ ഉപയോഗത്തിന് തുടക്കമിട്ടെന്നും കൊച്ചിയിൽ തന്നെ അഞ്ച് സിഎൻജി സ്റ്റേഷനുകൾ ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വൈദ്യുത വാഹന നിർമാണത്തിനായി ആരംഭിച്ച കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് 8000 വൈദ്യുത ഓട്ടോറിക്ഷകൾ ഓരോ വർഷവും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ പിഎസ്‌യു ആണ് കെഎഎൽ. കെഎസ്ആർടിസിക്ക് വേണ്ടി 3000 ഇ-ബസുകളും നിർമിക്കും. ഇ-ബസ് നിർമാണത്തിന് യൂറോപ്യൻ നിക്ഷേപം ലഭിക്കുന്ന ആദ്യ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടപ്പള്ളി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിൽ ആരംഭിച്ച ചാർജിങ് സ്റ്റേഷന്‍റെ വെർച്വൽ ഉദ്ഘാടനവും തിരുവനന്തപുരത്ത് ആരംഭിക്കുന്ന സെന്‍റര്‍ ഓഫ് എക്സലൻസിന്‍റെ ലോഞ്ചിങും മുഖ്യമന്ത്രി നിർവഹിച്ചു.