ഞാറയ്ക്കൽ സിഐക്കെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി - police and SFI
"പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും സി.ഐ മുരളിയെ പുറത്താക്കാണം" - പി രാജു (സിപിഐ ജില്ലാ സെക്രട്ടറി, എറണാകുളം)
കൊച്ചി:പൊലീസിനും എസ്എഫ്ഐക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. ഞാറയ്ക്കൽ സിഐ.മുരളിയെ സസ്പെൻറ് ചെയ്യുന്നത് വരെ സിപിഐ സമരം തുടരുമെന്നും ഫാസിസം നടപ്പാക്കുന്ന വിദ്യാർഥി സംഘടന കേരളത്തിനാവശ്യമില്ലെന്നും പി.രാജു പറഞ്ഞു. കൊച്ചിയിൽ ഐ.ജി ഓഫീസിലേക്ക് സിപിഐ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുണ്ടാ മാഫിയാ മയക്കുമരുന്ന് സംഘങ്ങൾ എന്നിവയ്ക്ക് സംരക്ഷണം നൽകുന്ന പൊലീസുകാരനാണ് ഞാറയ്ക്കൽ സി.ഐ മുരളി. സി.ഐക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഐ.ജി ഓഫീസിനു മുന്നിൽ പന്തൽ കെട്ടി സമരമാരംഭിക്കുമെന്നും പി.രാജു പറഞ്ഞു. എസ്എഫ്ഐ മർദനത്തിൽ പരിക്കേറ്റ എഐഎസ്എഫ് പ്രവർത്തകരെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി മൊഴിയെടുക്കുന്നതിന് പകരം മർദിച്ച ഗുണ്ടകളുടെ തോളിൽ കയ്യിട്ട് നടക്കുകയാണ് സി.ഐ ചെയ്തത്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും സി.ഐ മുരളിയെ പുറത്താക്കാൻ സംഘടന തയ്യാറാവണമെന്നും പി.രാജു ആവശ്യപ്പെട്ടു.