എറണാകുളം:ജില്ലയിൽ ഇന്ന് പുതിയതായി നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് 19 ന് റിയാദ്-കരിപ്പൂർ വിമാനത്തിലെത്തിയ എറണാകുളം സ്വദേശികളായ 29 വയസുള്ള ഗർഭിണിയും ഇവരുടെ 34 വയസുള്ള ഭർത്താവുമാണ് രോഗം സ്ഥിരീകരിച്ച രണ്ട് പേർ. ഇവർ എറണാകുളത്തുള്ള വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ഇവരെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മെയ് ഏഴിന് കൊച്ചിയിൽ വന്ന അബുദാബി-കൊച്ചി വിമാനത്തിലെത്തിയ 44 വയസുള്ള എറണാകുളം സ്വദേശിയാണ് മറ്റൊരാൾ. കൊച്ചിയിലെത്തിയ ശേഷം ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മെയ് 20 ന് സാമ്പിൾ പരിശോധന നടത്തുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
എറണാകുളത്ത് നാല് പേര്‍ക്ക് കൂടി കൊവിഡ് - എറണാകുളം വാര്‍ത്തകള്‍
ജില്ലയിലെ ആശുപത്രികളിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13 ആയി
മെയ് 19 ലെ കുവൈത്ത് - കണ്ണൂർ വിമാനത്തിൽ വന്ന 41 വയസുള്ള എറണാകുളം സ്വദേശിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച നാലാമത്തെയാൾ. ഹൃദയ സംബന്ധമായ ചികിത്സയ്ക്കായി കുവൈറ്റിൽ നിന്നും രണ്ട് മക്കളോടും, അടുത്ത ബന്ധുവിനോടുമൊപ്പം കണ്ണൂരിൽ വന്നിറങ്ങിയ ശേഷം പ്രത്യേക ആംബുലൻസിൽ ജില്ലയിലേക്ക് വരികയായിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ഹൃദയ ചികിത്സയ്ക്ക് മുന്നോടിയായി മെയ് 22 ന് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന രണ്ട് മക്കളും, അടുത്ത ബന്ധുവും വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്. അവരുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഇതോടെ ജില്ലയിലെ ആശുപത്രികളിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13 ആയി.