ഉപതെരഞ്ഞെടുപ്പിനൊരുങ്ങി എറണാകുളം; വിവിപാറ്റ് വോട്ടിങ് മെഷീന്‍ എത്തി - ernakulam by election.
തെരഞ്ഞെടുപ്പ് നടപടികളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്‌ടര്‍ എസ്.സുഹാസ് വിളിച്ചു ചേർത്തു. മധുരയിൽ നിന്നും 270 വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ മണ്ഡലത്തിലെത്തിച്ചിട്ടുണ്ട്. നാളെ മുതൽ നാമനിർദേശ പത്രികകൾ സ്വീകരിച്ചു തുടങ്ങും.
![ഉപതെരഞ്ഞെടുപ്പിനൊരുങ്ങി എറണാകുളം; വിവിപാറ്റ് വോട്ടിങ് മെഷീന്‍ എത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4520127-thumbnail-3x2-ekmm.jpg)
കൊച്ചി: ഉപതെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ എറണാകുളം ജില്ലാനേതൃത്വം തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്നു. തെരഞ്ഞെടുപ്പ് നടപടികളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്‌ടര്‍ എസ്.സുഹാസ് വിളിച്ചു ചേർത്തു. റിട്ടേണിംഗ് ഓഫീസർ തലത്തിലും, താലൂക്ക് തലത്തിലും ആന്‍റീ റിഫേസ്മെൻറ് സ്ക്വാഡ് ഉടൻ രൂപീകരിക്കാൻ ജില്ലാകളക്‌ടര്‍ നിർദേശം നല്‍കി. റവന്യൂ റിക്കവറി ഡെപ്യൂട്ടി ഡയറക്‌ടര്‍ എസ്. ഷാജഹാനാണ് എറണാകുളം മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസർ.
ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ മധുരയിൽ നിന്നും എത്തിച്ചു. 270 വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങളാണ് എറണാകുളത്ത് അനുവദിച്ചിട്ടുള്ളത്. അംഗീകൃത രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇവ കളക്‌ട്രേറ്റിലെ സ്ട്രോങ് റൂമിലേക്ക് മാറ്റി.
മണ്ഡലത്തിലത്തില്‍ നാളെ മുതൽ നാമനിർദേശ പത്രികകൾ സ്വീകരിച്ചു തുടങ്ങും. സെപ്റ്റംബർ മുപ്പതാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ഒക്‌ടോബര്‍ ഒന്നിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ മൂന്നാണ്.
മണ്ഡലത്തിലെ വോട്ടെടുപ്പ് ഒക്‌ടോബര്‍ 21 ന് നടക്കും. 135 പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുക. നഗരപ്രദേശത്ത് 114ഉം, ഗ്രാമപ്രദേശത്ത് 21 പോളിങ് സ്റ്റേഷനുകളുമാണുള്ളത്.