എറണാകുളം:കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയതായി ജില്ലാ കലക്ടര്‍ എസ്. സുഹാസ്. അന്താരാഷ്ട്ര ടെര്‍മിനലില്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗിന് പുറമേ യാത്രക്കാര്‍ അവരുടെ യാത്ര വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതും നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബ്ബന്ധമായും യാത്രക്കാര്‍ പൂരിപ്പിച്ച് നല്‍കണം. ഫ്ലാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് എല്ലാ യാത്രികരുടെയും ശരീര ഊഷ്മാവ് പരിശോധിക്കുന്നുണ്ട്. ആഭ്യന്തര ടെര്‍മിനലില്‍ എത്തുന്നവരുടെയും വിശദാംശങ്ങള്‍ അധികൃതര്‍ ചോദിച്ച് മനസിലാക്കിയ ശേഷമാണ് ഇവരെ പുറത്തേക്കയക്കുന്നത്.
രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലയില്‍ കര്‍ശനമായി പാലിക്കുമെന്നും കലക്ടര്‍ അറിയിച്ചു. അന്താരാഷ്ട്ര ടെര്‍മിനലില്‍ 10 സഹായ കേന്ദ്രങ്ങളും ആഭ്യന്തര ടെര്‍മിനലില്‍ അഞ്ച് സഹായകേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ ആറ് മാസ കാലയളവിനുള്ളില്‍ ഏതെങ്കിലും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും. 12 ഡോക്ടര്‍മാര്‍, 12 നേഴ്‌സുമാര്‍, 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ആവശ്യമായ മറ്റ് സ്റ്റാഫുകളെയും വിമാനത്താവളത്തില്‍ നിയമിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും കൊച്ചി തുറമുഖത്തും സഹായ കേന്ദ്രങ്ങള്‍ സജ്ജമാണ്.