എറണാകുളം: കോതമംഗലം പൂയംകുട്ടിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പൂയംകുട്ടിതണ്ട് ഭാഗത്തെ ചെമ്പിൽ സജി, കൊളത്തിനാൽ തോമസ്, പുതുശേരി ജോബി എന്നിവരുടെ കപ്പ, വാഴ, തെങ്ങ്, കശുമാവ്, കമുക് തുടങ്ങിയ കാർഷിക വിളകള്‍ കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കിണറ്റിൽ വീണ കാട്ടുകൊമ്പനെ രക്ഷപ്പെടുത്തിയ സ്ഥലത്തിന്‍റെ മുകൾ ഭാഗത്താണ് ഇന്ന് കൃഷിയിടങ്ങൾ നശിപ്പിക്കപ്പെട്ടത്.
പൂയംകുട്ടിയിൽ കാട്ടാന ശല്യം രൂക്ഷം; വ്യാപക കൃഷിനാശം - കാട്ടാന ശല്യം
പൂയംകുട്ടി വനഭാഗത്തിന്‍റെ തെക്കെക്കാട്ടിൽ നിന്ന് പുഴ മുറിച്ച് കടന്നാണ് ആനകളെത്തുന്നത്.
സജിയുടെ മൂന്ന് ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത ആയിരത്തി അഞ്ഞൂറോളം വാഴകളിൽ പകുതിയോളവും, നിരവധി കശുമാവിൻ തൈകളും, കപ്പ കൃഷിയും, കൊളത്തിനാൽ തോമസിന്‍റെ ഇരുപതോളം തെങ്ങുകളും കാട്ടാന നശിപ്പിച്ചു. പൂയംകുട്ടി വനഭാഗത്തിന്‍റെ തെക്കെക്കാട്ടിൽ നിന്ന് പുഴ മുറിച്ച് കടന്നാണ് ആനകളെത്തുന്നത്. കൃഷികൊണ്ട് ഉപജീവനം നടത്തുന്നവരാണ് ഇവിടെ കൂടുതൽ പേരും. കൃഷി നാശത്തിനൊപ്പം വീടുകളിലും സുരക്ഷ ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുമെന്ന വനം വകുപ്പിന്‍റെ ഉറപ്പില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കർഷകർ.