കൊച്ചി: നിപ രോഗം ബാധിച്ചവർക്ക് പിന്നീടും സമാന രോഗലക്ഷണങ്ങൾ കാണിക്കുവാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്ന് ഡോ. അനൂപ് വാര്യർ. ഒരിക്കൽ നിപ രോഗം ബാധിച്ചാൽ സമാന രോഗം പിന്നീട് പിടിപെടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ വീണ്ടും ലക്ഷണങ്ങൾ പുറത്തുവരുന്നതായി പഠനങ്ങൾ തെളിയിക്കുന്നതായും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഇൻഫെക്ഷ്യസ് ഡിസീസ് കൺസൾട്ടന്‍റായ ഡോ. അനൂപ് വാരിയർ ഇ ടി വി ഭാരതിനോട് പറഞ്ഞു.
നിപ ബാധിച്ച യുവാവിന്‍റെ നിലയില്‍ പുരോഗതി: രോഗം കേരളത്തില്‍ നിന്ന് അകന്നിട്ടില്ലെന്ന് ഡോക്ടർ - രോഗി
നിലവിൽ നിപ രോഗത്തെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. എന്നാൽ കഴിഞ്ഞ വർഷവും, ഇപ്പോഴും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ രോഗബാധ സ്ഥിരമായി കേരളത്തിൽ കാണാനുള്ള സാധ്യതയുണ്ടെന്നും ഡോ. അനൂപ് വാരിയർ ഇടിവി ഭാരതിനോട് പറഞ്ഞു.
വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധ സ്ഥിരമായി കേരളത്തിൽ കാണാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ തടയുന്നതിനുള്ള നടപടിക്രമങ്ങൾ ഊർജ്ജിതമാക്കണം. നിപ വൈറസ് പകരുന്നത് രോഗബാധിതരുടെ ശരീരത്തിലെ ദ്രാവകത്തിലൂടെയാണ്. നേരിട്ട് ശരീരത്തിലെ ദ്രാവകത്തിൽ കൂടെയും, രോഗ ബാധിതർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഛർദ്ദിക്കുകയോ ചെയ്യുമ്പോഴും പുറത്തുവരുന്ന ദ്രാവകത്തിലൂടെയും ഇത് പകരുവാനുള്ള സാധ്യതയേറെയാണ്. എന്നാൽ രോഗിയുടെ ശരീരത്തിൽ വെറുതെ സ്പർശിച്ചാലോ, രോഗിയുടെ വിയർപ്പിലൂടെയോ രോഗം പകരില്ലെന്നും ഡോക്ടർ വ്യക്തമാക്കി.
അതേസമയം നിപ രോഗം സ്ഥിരീകരിച്ച വിദ്യാർഥിയുടെ നില കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടന്നും ഡോക്ടർ സ്ഥിരീകരിച്ചു. വിദ്യാർഥി മാതാപിതാക്കളോടും ഡോക്ടർമാരോടും ഇന്‍റർ കോം വഴി സംസാരിക്കുന്നുണ്ട്. രോഗിയുടെ അവസ്ഥ പൂർണമായി ഭേദമായിട്ടില്ലെന്നും വരും ദിവസങ്ങളിൽ കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടർ പറഞ്ഞു.