എറണാകുളം: ഡോളർ കടത്ത് കേസിൽ കസ്റ്റംസ് പ്രതി ചേർക്കാനൊരുങ്ങുന്ന യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്‍റ് ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല. ഈജിപ്ഷ്യൻ പൗരനായ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലന്ന് തെളിയിക്കുന് രേഖ കസ്റ്റംസ് എ.സി.ജെ.എം കോടതിയിൽ ഹാജരാക്കി.
കസ്‌റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച രേഖ ഖാലിദിന് വിസ അനുവദിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം 2017 ജൂണ്‍ 22ന് നൽകിയ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രേഖ പരിശോധിച്ച കോടതി കേസ് വിധി പറയാനായി ബുധനാഴ്ചയിലേക്ക് മാറ്റി. ഡോളർ കടത്ത് കേസിൽ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനെ പ്രതി ചേർക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ എ.സി.ജെ.എം കോടതി ചൂണ്ടികാണിച്ചിരുന്നു.
കോൺസുലേറ്റ് ജീവനക്കാരനായ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കസ്റ്റംസിന് കോടതി നിർദേശം നൽകിയിരുന്നു. ഖാലിദിനെ പ്രതി ചേർക്കുകയും,ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്യണമെന്നാണ് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടത്. സ്വപ്ന, സരിത്ത് എന്നിവരുടെ സഹായത്തോടെ ഈജിപ്ഷ്യൻ പൗരനായ ഖാലിദ് ഒമാൻ വഴി കെയ്റോയിലേക്ക് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് കേസ്. 2019 ഓഗസ്റ്റ് 7ന് ഖാലിദ് 1.90 ലക്ഷം യുഎസ് ഡോളർ ഹാൻഡ് ബാഗിലൊളിപ്പിച്ച് കെയ്റോയിലേയ്ക്ക് കടത്തിയെന്ന് സ്വപ്നയും സരിത്തും മൊഴി നൽകിയിരുന്നു. ഒമാൻ വരെ തങ്ങളും ഖാലിദിനൊപ്പമുണ്ടായിരുന്നു.
യുഎഇ കോൺസുലേറ്റിലെ എക്സ്റേ യന്ത്രത്തിൽ സരിത്തിന്‍റെ സാന്നിധ്യത്തിൽ ഹാൻഡ് ബാഗേജുകൾ ഖാലിദ് പരിശോധിക്കുന്നത് പല തവണ കണ്ടിട്ടുണ്ട്. വിമാനത്താവളത്തിലെ പരിശോധനക്കിടെ ബാഗിലെ കറൻസി കണ്ടെത്തില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഈ പരിശോധന. ഖാലിദിനെക്കൂടാതെ കോൺസുൽ ജനറലും, അഡ്മിൻ അറ്റാ ഷെയും ഇത്തരത്തിൽ ഇന്ത്യൻ രൂപ വിദേശ കറൻസിയാക്കി ഒളിപ്പിച്ചു കടത്തിയിട്ടുണ്ടെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.സ്വപ്ന സുരേഷ്, സരിത്ത് എന്നിവരാണ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലെ മറ്റു പ്രതികൾ.