എറണാകുളം : 'മമ്മൂട്ടിയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. നേരിൽ കണ്ടിട്ടില്ല. കല്യാണത്തിന് നടനെ ക്ഷണിക്കും.അദ്ദേഹത്തിന്‍റെ സാന്നിധ്യവും അനുഗ്രഹവും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്' - പറയുമ്പോള്‍ ഡോ ഷാഹിനയുടെ മുഖത്തും മനസിലും ആ മഹാനടന്‍റെ കരുതലിനോടുള്ള പരിധിയില്ലാത്ത സ്നേഹവാത്സല്യം പ്രകടം.
അതിജീവനത്തിന്‍റെ മഹത്തായ മാതൃകയാണ് ഇടപ്പള്ളി സ്വദേശിയായ ഡോ. ഷാഹിന. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റവൾ എന്ന പ്രയോഗം അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നതാണ് ഷാഹിനയുടെ ജീവിതം. അഞ്ചാമത്തെ വയസിൽ ആകസ്‌മികമായി സംഭവിച്ച ഒരു അപകടമാണ് ഷാഹിനയുടെ ജീവിതം മാറ്റിമറിച്ചത്.
വൈദ്യുതിയില്ലാത്ത ഒരു ദിവസം മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ ആവേശത്തോടെ പാഠപുസ്‌തക താളുകൾ മറിക്കുകയായിരുന്നു ഷാഹിന. അതിനിടയിലാണ് അബദ്ധത്തിൽ മേശയുടെ മുകളിൽ നിന്നും വിളക്ക് ശരീരത്തിലേക്ക് വീണ് ഗുരുതരമായി പൊള്ളലേറ്റത്. ശരീരത്തിലേക്ക് തീ പടർന്നതും അസഹനീയമായ വേദനയും, ഉമ്മയുടെയും സഹോദരിമാരുടെയും നിലവിളിയും വർഷങ്ങൾക്കിപ്പുറവും ഷാഹിനയുടെ ഓർമയിലുണ്ട്.
ഡോ. ഷാഹിന എന്ന ഫീനിക്‌സ് പക്ഷി; അതിജീവനത്തിന്‍റെ മാതൃക എഴുപത് ശതമാനത്തോളം പൊള്ളലേറ്റ്, കീഴ്‌ത്താടി ശരീരത്തിലേക്ക് ഒട്ടിപ്പിടിച്ച്, കൈവിരലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഷാഹിന. മാസങ്ങൾ നീണ്ട ആശുപത്രി വാസം, നിരവധി ശസ്‌ത്രക്രിയകൾ, ആശുപത്രിയിൽ നിന്ന് വീട്ടിലേക്കും തിരിച്ചുമുള്ള യാത്രയുമായിരുന്നു ഒരു വർഷത്തിലേറെയുള്ള ജീവിതം.
സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും മുഖത്ത് ഉൾപ്പടെ പൊള്ളലേൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. ഒരുപാട് കാലം കണ്ണാടി നോക്കാൻ വീട്ടുകാർ അനുവദിച്ചിരുന്നില്ല. ചികിത്സ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം സ്‌കൂളിലേക്ക് തിരിച്ചെത്തിയ നാളുകൾ വേദനയോടെയാണ് ഷാഹിന ഓർമിക്കുന്നത്. കൂട്ടുകാരുടെ ഒറ്റപ്പെടുത്തലും പരിഹാസവും ഏറെ സഹിച്ചിട്ടുണ്ട്. എന്നാൽ, പൂർണ പിന്തുണയുമായി കുടുംബം കൂടെ നിന്നതോടെ എല്ലാം നേരിടാനുള്ള ആത്മവിശ്വാസം ഷാഹിന നേടിയെടുത്തു.
മുതിർന്ന ക്ലാസുകളില്‍ എത്തിയപ്പോൾ സാഹചര്യം മാറി സഹപാഠികൾ കൂടെ നിന്നു. എഞ്ചിനിയര്‍ ആകണമെന്നായിരുന്നു ആഗ്രഹമെങ്കിലും ഒരു ഹോമിയോ ഡോക്‌ടറായി മാറിയതോടെ ഇതാണ് തന്‍റെ നിയോഗമെന്ന് ഷാഹിന തിരിച്ചറിഞ്ഞു. തൃപ്പൂണിത്തുറ ഗവൺമെന്‍റ് ഹോമിയോ ഡിസ്‌പെൻസറിയിലെ ഡോക്‌ടര്‍ എന്നതിലുപരി രോഗികൾക്ക് ആത്മവിശ്വാസം നൽകുന്ന മോട്ടിവേറ്റർ കൂടിയാണ് ഷാഹിന. തന്‍റെ ജീവിതത്തെ കുറിച്ച് സമൂഹ മാധ്യമത്തിലൂടെ ഡോ. ഷാഹിന തുറന്നുപറഞ്ഞപ്പോൾ പിന്തുണയുമായി എത്തിയത് നിരവധി പേരാണ്.
ഒരു വർഷം മുന്‍പ് വിഷ്‌ണു സന്തോഷ് എന്ന ഫോട്ടോഗ്രാഫറുടെ നിർബന്ധ പ്രകാരം നടന്ന ഫോട്ടോ ഷൂട്ട് വൈറലായതോടെ കൂടുതൽ പേർ ഡോ. ഷാഹിനയെ അറിഞ്ഞു. കൂട്ടത്തിൽ മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയും ഉണ്ടായിരുന്നു. താൻ ഡയറക്‌ടറായ പതഞ്‌ജലി ഹെർബൽസിൽ മമ്മൂട്ടി ചികിത്സയ്‌ക്ക് സൗകര്യമൊരുക്കുകയും ചെയ്‌തു.
കഴിഞ്ഞ എട്ട് മാസമായി പതഞ്‌ജലി ഹെർബൽസിൽ ഡയറക്‌ടർ ജ്യോതിഷ് കുമാറിന്‍റെ നേതൃത്വത്തിൽ ചികിത്സ തുടരുകയാണ്. ചികിത്സയിൽ നല്ല മാറ്റം പ്രകടമാണെന്ന് ഡോ. ഷാഹിന വ്യക്തമാക്കി. ഇതിനിടെയാണ് മറ്റൊരു സൗഭാഗ്യം കൂടി ഷാഹിനയെ തേടിയെത്തിയത്.
സമൂഹ മാധ്യമത്തിലൂടെ ഡോക്‌ടറുടെ ജീവിതത്തെ കുറിച്ച് അറിഞ്ഞ മലപ്പുറം മാറഞ്ചേരി സ്വദേശി നിയാസ് വിവാഹാലോചനയുമായി സമീപിച്ചു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹ നിശ്ചയവും കഴിഞ്ഞയാഴ്‌ച നടന്നു. ഒക്‌ടോബർ മാസത്തിൽ നടക്കുന്ന വിവാഹത്തിന്‍റെ മുന്നൊരുക്കത്തിലാണ് ഇപ്പോൾ ഷാഹിനയും കുടുംബവും.
ഉയരെ എന്ന സിനിമ തനിക്ക് വലിയ ആത്മവിശ്വാസം പകർന്നുവെന്നും ഈ സിനിമ കണ്ടതിന് ശേഷമാണ് താൻ സമൂഹ മാധ്യമങ്ങളിൽ സജീവമായതെന്നും ഷാഹിന വ്യക്തമാക്കി. പിതാവ് കുഞ്ഞുമുഹമ്മദ്, ഉമ്മ സുഹറ, മൂന്ന് സഹോദരിമാർ എന്നിവരടങ്ങുന്ന കുടുംബത്തിന്‍റെ പിന്തുണയാണ് ഷാഹിനയുടെ കരുത്ത്. സമൂഹത്തിന് വേണ്ടിയും, വേദന അനുഭവിക്കുന്നവർക്ക് വേണ്ടിയും തന്നാലാവുന്ന സേവനം ചെയ്യണമെന്നാണ് ഷാഹിനയുടെ ആഗ്രഹം.
പ്രതിസന്ധികളിലും പ്രയാസങ്ങളിലും തളരാതെ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകണമെന്നാണ് ഡോ. ഷാഹിനയ്‌ക്ക് ജീവിതാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് എല്ലാവരോടും പറയാനുള്ളത്.