എറണാകുളം :നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമന്ന ദിലീപിന്‍റെ ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ഇരു ഭാഗത്തിന്‍റെയും വിശദമായ വാദം കേട്ട ശേഷം ഹൈക്കോടതി കേസ് വിധി പറയാനായി മാറ്റി.
അതേസമയം വധഗൂഢാലോചനാകേസ് സി.ബി.ഐക്ക് വിടുന്നതിനെ സർക്കാർ എതിർത്തു. അന്വേഷണം നേരായ രീതിയിലാണ് നടക്കുന്നതെന്നും മറ്റൊരു ഏജൻസിക്ക് അന്വഷണം കൈമാറേണ്ട കാര്യമില്ലെന്നും സർക്കാർ അറിയിച്ചു. അന്വേഷണം തുറന്ന മനസോടെയാണ് നടക്കുന്നതെന്നും അന്വേഷണ ഏജൻസിയെ തെരഞ്ഞെടുക്കാൻ പ്രതിക്ക് അവകാശമില്ലന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഫോണിലെ വിവരങ്ങൾ മായ്‌ച്ചു : അതേസമയം അന്വേഷണം മുൻവിധിയോടെയാണോ എന്ന് ഹർജിക്കാർക്ക് ആശങ്കയുണ്ടാവാം എന്ന് കോടതി പറഞ്ഞു. എന്നാൽ ആശങ്ക മാത്രം പോര അത് സാധൂകരിക്കാൻ തെളിവുകൾ വേണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കൂടാതെ ദിലീപ് ഫോണിൽ നിന്നും നിർണായക വിവരങ്ങൾ മായ്ച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഐ ഫോണിലെ 12 ചാറ്റുകൾ മായ്ച്ചുകളഞ്ഞു. 7 ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിൽ 6 ഫോണുകൾ മാത്രമാണ് കൈമാറിയത്. ഫോണിലെ വിവരങ്ങൾ മായ്ക്കരുത് എന്ന് കോടതി നിർദേശിച്ചിരുന്നു. ഇത് ദിലീപ് ലംഘിച്ചതായും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.