എറണാകുളം:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ പതിനൊന്ന് മണിക്കൂറാണ് പ്രതികളുടെ ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം.
അതേസമയം ദിലീപുൾപടെയുള്ള പ്രതികൾ നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക വിലയിരുത്തൽ. ഇത്തരം കാര്യങ്ങൾ പരിഗണിച്ചായിരിക്കും നാളെ വീണ്ടും ചോദ്യം ചെയ്യൽ തുടരുക. കൂടാതെ പ്രതികളായ സൂരജ്, ബൈജു, അപ്പു എന്നിവരുടെ മൊബൈൽ ഫോണുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇവ ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കും.
ചോദ്യം ചെയ്യൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെത്തുടർന്ന്
സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ക്രൈംബ്രാഞ്ച് നടൻ ദിലീപ് ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്തത്. ദീലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവർ ഒരുമിച്ചാണ് ആലുവയിലെ ദിലീപിന്‍റെ വീട്ടിൽ നിന്നും കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. ബൈജു, അപ്പു എന്നീ പ്രതികൾ ഇവരെത്തുന്നതിന് മുമ്പ് തന്നെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു.