എറണാകുളം:അണക്കെട്ടുകൾ തുറന്നാൽ ജില്ലയിലെ സാഹചര്യം വിലയിരുത്താൻ ഉച്ചയ്ക്ക് ആലുവയിൽ അവലോകന യോഗം ചേരും. മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തിലാണ് ജനപ്രതിനിധികളും ഉദ്യേഗസ്ഥരും പങ്കെടുക്കുന്ന യോഗം നടക്കുക.
ഡാമുകൾ തുറന്നാലുള്ള ഏത് അടിയന്തര സാഹചര്യം നേരിടാനും ജില്ല സജ്ജമാണന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഴക്കെടുതിയുടെ നാശനഷ്‌ടങ്ങൾ പരിശോധിച്ചു വരുകയാണന്നും മന്ത്രി പറഞ്ഞു.
ഇടമലയാർ അണക്കെട്ടിൽ ബ്ലൂ അലർട്ട്
ഇടമലയാർ അണക്കെട്ടിൽ തിങ്കളാഴ്‌ച രാവിലെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടമലയാർ അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ് 169 മീറ്റർ ആണ്. ഇപ്പോഴത്തെ ജലനിരപ്പ് 165.30 മീറ്റർ ആണ്. റൂൾ കർവ് പ്രകാരം ജലസംഭരണിയുടെ ഉയർന്ന ജല വിതാനം 166.80 മീറ്റർ ആണ്. മഴയും നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ അധിക ജലം ഒഴുക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്.