എറണാകുളം : തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് മുഖേന നടത്തിയ സ്വർണക്കടത്തില്‍ കസ്റ്റംസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എ.സി.ജെ.എം കോടതിയിലാണ് 29 പ്രതികൾക്കെതിരായ കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ സരിത്ത് ഒന്നാം പ്രതിയും സ്വപ്‌ന രണ്ടാം പ്രതിയുമാണ്. സന്ദീപ് നായരാണ് മൂന്നാം പ്രതി. മൂവായിരം പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫിസ് സംശയത്തിന്‍റെ നിഴലിലെത്തിച്ച കേസ്
സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് കൂടിയാണ് സ്വർണക്കടത്ത് കേസ് വഴിവച്ചത്. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കർ ഈ കേസിൽ പ്രതിസ്ഥാനത്ത് എത്തിയതാണ് വിവാദങ്ങൾക്ക് ശക്തി പകർന്നത്. രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷും എം.ശിവശങ്കറും തമ്മിലുള്ള ബന്ധം മുഖ്യമന്ത്രിയുടെ ഓഫിസിനെ സംശയത്തിന്‍റെ നിഴലിലെത്തിച്ചു.
നയതന്ത്ര ബന്ധത്തെ പോലും ആശങ്കയിലാഴ്ത്തിയ കേസ്
യുഎഇ കോൺസുലേറ്റ് മുൻ ജീവനക്കാരിയായിരുന്ന സ്വപ്‌ന സുരേഷ്, മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും അന്നത്തെ സ്‌പീക്കറുമായും വേദികള്‍ പങ്കിട്ടത് പുറത്തുവന്നതോടെ വിവാദം കടുത്തു. ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും ബാധിക്കുന്ന രീതിയിലേക്ക് ഈ കേസ് വളരുമെന്ന് ആശങ്ക സൃഷ്‌ടിക്കപ്പെട്ടിരുന്നു. അതേസമയം ഈ കേസിലെ മുഖ്യപ്രതിയെന്ന് കസ്റ്റംസ് വിശേഷിപ്പിച്ചിരുന്ന ഫൈസൽ ഫരീദിനെ കണ്ടെത്താൻ കസ്റ്റംസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കേസിലെ പ്രതികളെല്ലാം ജാമ്യത്തിൽ
പല ഘട്ടത്തിലും ഈ കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയും, ഹൈക്കോടതിയും കസ്റ്റംസിനെതിരെ വിമർശനമുന്നയിച്ചിരുന്നു. ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംശയത്തിൽ നിർത്തിയുള്ള റിപ്പോർട്ടുകൾ കസ്റ്റംസ് കോടതിയിൽ നൽകിയതും വിവാദങ്ങൾക്ക് കാരണമായിരുന്നു. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനെ തുടർന്ന് ഈ കേസിലെ പ്രതികൾക്കെല്ലാം ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ട്.
ഈ കേസിന്‍റെ അടിസ്ഥാനത്തിൽ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെതിരെ കസ്റ്റംസ് ശുപാർശ ചെയ്‌ത് ചുമത്തിയ കോഫെപോസെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു.അതേസമയം മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സരിത്തും സ്വപ്നയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
READ MORE:സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർ ജയിൽ മോചിതനായി