എറണാകുളം: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ശില്‍പങ്ങളും വിഗ്രഹങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പുലർച്ചെയാണ് കലൂരിലെ വീട്ടിൽ നിന്നും ലോറിയിൽ ശില്‍പങ്ങള്‍ കൊണ്ടുപോയത്. ശില്‍പി സുരേഷ് നൽകിയ പരാതിയിലാണ് തിരുവനന്തപുരത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം എട്ട് ശില്‍പങ്ങള്‍ കസ്റ്റഡിയിലെടുത്തത്.
നടപടി വഞ്ചന കേസില്‍
80 ലക്ഷം വാഗ്‌ദാനം ചെയ്‌തതിനെ തുടർന്ന് ഒമ്പത് ശില്‍പങ്ങൾ മോൻസന് നൽകിയിരുന്നുവെന്നും എന്നാൽ പ്രതിഫലമായി ഏഴ് ലക്ഷം രൂപ മാത്രം നൽകി വഞ്ചിച്ചുവെന്നായിരുന്നു പരാതി. അഞ്ച് വർഷമെടുത്ത് നിർമിച്ച വിശ്വരൂപമുൾപ്പെടെയുളള ശില്‍പങ്ങളാണ് നൽകിയതെന്നും പരാതിക്കാരൻ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഈ കേസിലാണ് ക്രൈംബ്രാഞ്ച് ശില്‍പങ്ങള്‍ പിടിച്ചെടുത്തത്. ഇവ കോടതിയിൽ ഹാജരാക്കും. ശില്‍പങ്ങളിൽ കാണാതായ ഒന്ന് മറിച്ചു വിറ്റോയെന്നും പരിശോധിക്കും.