എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. നേരത്തെ ഇതേ ആവശ്യം വിചാരണക്കോടതി നിരസിച്ചിരുന്നു. ഈ വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.
ദൃശ്യങ്ങൾ ചോർന്നതിൽ വ്യക്തതയുണ്ടാകാൻ തിരുവനന്തപുരത്തെ ലാബിലേക്ക് മെമ്മറി കാർഡ് പരിശോധനയ്ക്കയക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. തെളിവ് ശേഖരിക്കുന്ന ഘട്ടത്തിൽ കോടതിക്ക് ഇടപെടാൻ അധികാരമില്ലെന്നും വിചാരണ ഘട്ടത്തിലാണ് തെളിവുകൾ പരിശോധിക്കേണ്ടതെന്നുമാണ് അപ്പീലിൽ ക്രൈംബ്രാഞ്ചിന്‍റെ വാദം. 2018 ജനുവരിയിലും ഡിസംബറിലും ഹാഷ് വാല്യൂ മാറിയതായാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.
എന്നാൽ 2022 ഫെബ്രുവരി മാസം ലാബിൽ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. നേരത്തെ ഈ വിവരങ്ങൾ ലാബ് അധികാരികൾ വിചാരണക്കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും പ്രോസിക്യൂഷൻ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്ന് ആക്രമിക്കപ്പെട്ട നടിയും ആവശ്യം ഉന്നയിച്ചിരുന്നു. ലാബ് ഉദ്യോഗസ്ഥരെ നേരത്തെ വിസ്‌തരിച്ചിട്ടുള്ളതിനാൽ വീണ്ടും പരിശോധന ആവശ്യമില്ലെന്നായിരുന്നു വിചാരണക്കോടതിയുടെ നിലപാട്.
അതിനിടെ നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്നും എഡിജിപി എസ്.ശ്രീജിത്തിനെ മാറ്റിയതിനെതിരായ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി. സർക്കാരിന്‍റെ ഭരണകാര്യങ്ങളിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. സ്ഥലംമാറ്റം സംബന്ധിച്ച് സർക്കാർ നൽകിയ വിശദീകരണം അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.