എറണാകുളം: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൊച്ചിയിൽ സിപിഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിക്കണമെന്നാണ് ലോകം ആഗ്രഹിക്കുന്നത്. എന്നാൽ എങ്ങനെയാണ് ഇന്നത്തെ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയതെന്ന് എന്ന് പരിശോധിക്കണം.
അമേരിക്കൻ സാമ്രാജ്യത്വത്തിന്‍റെ ഇടപെടലാണ് ഇതിന് കാരണമായത്. സോവിയറ്റ് യൂണിയന്‍റെ തകർച്ചയ്‌ക്ക് ശേഷം നൽകിയ ഉറപ്പുകൾ അമേരിക്ക ലംഘിക്കുകയാണ്. പുടിന്‍റെ നേതൃത്വത്തിലുളള റഷ്യ സങ്കുചിതമായ ദേശീയവാദത്തെ ശക്തിപ്പെടുത്തുന്നു. യുക്രൈൻ പ്രതിസന്ധിയെ നേരിടുന്നതിൽ അമേരിക്കയും അനുകൂല രാജ്യങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസം പ്രകടമാണ്. ഗൗരവമായി യുക്രൈൻ വിഷയത്തെ സമീപിക്കാൻ കേന്ദ്രസർക്കാരിന് കഴിയുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് യെച്ചൂരി
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നവ ലിബറൽ ഉദാരവത്കരണ നയങ്ങളെയും വർഗീയ അജണ്ടകളെയും സിപിഎം ജനറൽ സെക്രട്ടറി രൂക്ഷമായി വിമർശിച്ചു. കേന്ദ്ര സർക്കാർ അധികാരത്തിന്‍റെ ബലത്തിൽ ഭരണഘടനയെ അട്ടിമറിക്കാനുളള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ നാല് വർഷം വലതുപക്ഷ വർഗീയ ഫാസിസ്റ്റ് കക്ഷികളുടെ വളർച്ചയുടെ കാലഘട്ടമായിരുന്നു. രാജ്യത്ത് ആർഎസ്എസ് നിർദേശപ്രകാരം പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ എല്ലാതലത്തിലും ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.
ഭരണഘടന സ്ഥാപനങ്ങളുടെ സ്വതന്ത്ര സ്വഭാവം കവർന്നെടുക്കുകയാണ്. ദേശീയ അന്വേഷണ ഏജൻസികളെ സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. പൗരത്വ നിയമഭേദഗതിക്കെതിരായ കേസുകൾ, കശ്‌മീരിന്‍റെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയ നിയമ ഭേദഗതി ഉൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിക്കാൻ സുപ്രീം കോടതി തയ്യാറായിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
അതേസമയം, വലിയ ജനകീയ സമരങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഒരു കൈയില്‍ ദേശീയ പതാകയും മറുകൈയില്‍ ഭരണഘടനയും ഉയർത്തി പിടിച്ച് യുവാക്കൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങുന്ന കാഴ്‌ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചു. കർഷക സമരത്തിന്‍റെ വിജയം ഏറ്റവും പ്രധാനപ്പെട്ടതാണ്. കർഷക പോരാട്ടം ചരിത്ര സംഭവമായി വിലയിരുത്തണം. ആർഎസ്എസ്-ബിജെപി കൂട്ടുകെട്ടിനെതിരെ ശക്തമായി ശബ്‌ദമുയര്‍ത്തേണ്ടതിന്‍റെ പ്രാധാന്യമാണ് കർഷക സമരം നൽകുന്ന അനുഭവമെന്നും യെച്ചൂരി വിലയിരുത്തി.